യുദ്ധം അവസാനിപ്പിച്ചാൽ മുഴുവൻ ബന്ദികളെയും കൈമാറാമെന്ന നിർദേശം ഇസ്രായേൽ തള്ളിയെന്ന് ഹമാസ്
ആക്രമണം തുടരാനാണ് ഇസ്രായേൽ തീരുമാനമെങ്കിൽ ദീർഘകാല പോരാട്ടത്തിന് ഒരുക്കമാണെന്നും ഹമാസ്

ഗസ്സസിറ്റി: പൂർണ യുദ്ധവിരാമത്തിലൂടെ മുഴുവൻ ബന്ദികളെയും ഒരുമിച്ച് കൈമാറാൻ സന്നദ്ധമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്.
യുദ്ധവിരാമത്തിന് തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച് വിട്ടയക്കാൻ ഒരുക്കമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയാണ് വ്യക്തമാക്കിയത്. ബന്ദികളുടെ ജീവനേക്കാൾ മറ്റു നിക്ഷിപ്ത താൽപര്യങ്ങളാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനുള്ളതെന്നും വെള്ളിയാഴ്ച പുറത്തുവിട്ട 20 മിനുറ്റുള്ള വീഡിയോ സന്ദേശത്തില്‍ അബൂ ഉബൈദ പറഞ്ഞു.
ആക്രമണം തുടരാനാണ് ഇസ്രായേൽ തീരുമാനമെങ്കിൽ ദീർഘകാല പോരാട്ടത്തിന് തങ്ങളും ഒരുക്കമാണെന്ന് ഹമാസ് സായുധ വിഭാഗം മുന്നറിയിപ്പും നൽകി.
അതിനിടെ, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ എത്യോപ്യ, ഇന്തൊനേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് പിന്തുണ തേടി മൊസാദ് മേധാവി അടുത്തിടെ അമേരിക്ക സന്ദർശിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നു. യു.എസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
അതേസമയം ഗസ്സയിൽ ഇന്നലെയും 41 പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി. തെക്കൻ ഗസ്സയിലെ അൽ മവാസിയിൽ അഭയാർഥികൾ താമസിച്ച തുണികൊണ്ടുള്ള തമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
തിരക്കേറിയ സ്ഥലങ്ങളിലും ഭക്ഷണവും വെള്ളവും കാത്തുനിൽക്കുന്നയിടങ്ങളിലും ബോംബ് വർഷിച്ച് കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ. വിശപ്പ് കാരണം ആളുകൾക്ക് മാനസിക സമ്മർദവും, ഓർമ നഷ്ടവും ഉണ്ടാകുന്നതായി അൽ ശിഫ ആശുപത്രിയിലെ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണം നടത്തിയ ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ചിൽ ജറുസലേമിലെ കത്തോലിക്ക സഭാ തലവൻ പിർബാറ്റിസ്റ്റ പിസാബല്ലാ, ഗ്രീക്ക് ഓർത്തഡോക്സ് തലവൻ തിയോഫിലോസ് മൂന്നാമൻ എന്നിവർ സന്ദർശനം നടത്തി. ഗസ്സയിലെ കുരുതി ഉടൻ നിർത്തണമെന്ന് സഭാ പുരോഹിതർ ആവശ്യപ്പെട്ടു.
Adjust Story Font
16

