''നെതന്യാഹു ഉപദ്രവിച്ചാലല്ലാതെ അവർക്കിനി ഒന്നും സംഭവിക്കില്ല'; 47 ബന്ദികളുടെ ചിത്രം പങ്കുവെച്ച് ഹമാസ്
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ബന്ദികളുടെ ചിത്രം ഹമാസ് പങ്കുവെച്ചത്.

ഗസ്സസിറ്റി: തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. 'വിടവാങ്ങല്‍ ചിത്രം' എന്ന പേരിലാണ് 47 ബന്ദികളുടെ ചിത്രം ഹമാസിന്റെ സായുധസേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഓരോരുത്തരുടെയും ചിത്രത്തോടൊപ്പം 1986ൽ പിടിക്കപ്പെട്ട ഇസ്രായേലി വ്യോമസേന വിദഗ്ധന്‍, റോൺ അരാദിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം പ്രത്യേകം നമ്പറും കൊടുത്തിരിക്കുന്നു.(1 മുതല്‍ 47 വരെയാണ് നമ്പര്‍). ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ബന്ദികളുടെ ചിത്രം ഹമാസ് പങ്കുവെച്ചത്.
47 ബന്ദികളിൽ ഇരുപത് പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ബാക്കിയെല്ലാവരും കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം നുണപ്രചാരങ്ങളുടെ മുനയൊടിക്കുന്ന തരത്തിലായി ഹമാസിന്റെ പോസ്റ്റ്.
‘‘തടവുകാരെ ഗസ്സ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്. നെതന്യാഹു അവരെ കൊല്ലാൻ തീരുമാനിക്കാത്തിടത്തോളം കാലം അവരുടെ ജീവനെകുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല’’– അൽ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.
2024 ജനുവരി മുതൽ മാർച്ച് വരെയുള്ള വെടിനിർത്തൽ സമയത്ത് 30 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതോടൊപ്പം കൊല്ലപ്പെട്ട എട്ട് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു. ഇതിനുപകരമായി 2000ത്തോളം പേരെയാണ് ഇസ്രയേൽ ഇതുവരെ വിട്ടയച്ചത്. പിന്നാലെ ഏകപക്ഷീയമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.
അതേസമയം ഗസ്സയിൽ കൂട്ടക്കുരുതി തുടരുകയാണ് ഇസ്രയേൽ. ഇന്നലെ മാത്രം 84 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിരവധി കുട്ടികളും ഉൾപ്പെടും. വൻ നശീകരണ ശേഷിയുള്ള ബോംബുകളും മറ്റും ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളും മറ്റും സേന നിലംപരിശാക്കുന്നത്. ആയുസിൽ കണ്ട ഏറ്റവും മോശം മരണവും തകർച്ചയുമാണ് ഗസ്സയിലേതെന്ന് യു.എൻസക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു.
Adjust Story Font
16

