Quantcast

ഇറാന്റെ തിരിച്ചടിയില്‍ തെൽ അവീവിലുണ്ടായത് കനത്ത നാശനഷ്ടം: ആയിരത്തോളം വീടുകൾ വാസയോഗ്യമല്ലാതായെന്ന് മേയർ

യുദ്ധം തകർത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് ഇസ്രായേലിന് വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-20 12:02:30.0

Published:

20 April 2026 4:14 PM IST

ഇറാന്റെ തിരിച്ചടിയില്‍ തെൽ അവീവിലുണ്ടായത് കനത്ത നാശനഷ്ടം: ആയിരത്തോളം വീടുകൾ വാസയോഗ്യമല്ലാതായെന്ന് മേയർ
X

ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന തെല്‍ അവീലിലെ ഒരു കെട്ടിടം Image-Reuters

തെല്‍ അവീവ്: ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേൽ തലസ്ഥാനമായ തെല്‍ അവീവിൽ മാത്രം സംഭവിച്ചത് വൻ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പതിച്ച് നഗരത്തിലെ ആയിരത്തിലധികം വീടുകൾ വാസയോഗ്യമല്ലാതായിത്തീർന്നുവെന്ന് തെല്‍ അവീവ് മേയർ റോൺ ഹുൾദായ് തന്നെ വ്യക്തമാക്കി. ഇസ്രായേലി ചാനൽ 12ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലേക്ക് ഇറാന്‍ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങള്‍ നടത്തിയത്. തെല്‍ അവീവിന് പുറമെ സമീപ പ്രദേശങ്ങളായ രാമത് ഗാൻ, ബ്‌നൈ ബ്രാക് എന്നിവിടങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

അതേസമയം 40 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രായേലിന് ഏകദേശം 17.5 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്ന് ചാനൽ 12 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധസമയത്ത് ഇസ്രായേൽ സമ്പദ്‌വ്യവസ്ഥ ഭാഗികമായി അടച്ചുപൂട്ടിയതുമൂലമുണ്ടായ നഷ്ടങ്ങളോ പുനർനിർമ്മാണ ചെലവുകളോ ഉള്‍പ്പെടുത്താത്ത കണക്കാണിതെന്നായിരുന്നു റിപ്പോര്‍ട്ട്.

വസ്തുവകകൾ നശിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 30,000ത്തോളം അപേക്ഷകളാണ് ഇസ്രായേൽ ടാക്സ് അതോറിറ്റിക്ക് ലഭിച്ചതെന്ന് വിവിധ ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിൽ 18,408 കെട്ടിടങ്ങളും, 6,617 വാഹനങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ ജൂണിൽ ഇറാനുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ബിസിനസ് സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരമായി ഏകദേശം 753 ദശലക്ഷം ഡോളർ ചിലവായതായി ഇസ്രായേലി സാമ്പത്തിക വെബ്സൈറ്റായ കാല്ക്കലിസ്റ്റ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ഏപ്രിൽ 8ന് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും യുദ്ധം തകർത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് ഇസ്രായേലിന് വലിയ വെല്ലുവിളിയാണ്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും ബിസിനസ്സ് നഷ്ടങ്ങൾക്കുമുള്ള തുക കൂടി കണക്കിലെടുത്താൽ യുദ്ധത്തിന്റെ ആകെ ചിലവ് ഇനിയും ഉയരുമെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു.

TAGS :

Next Story