ചെങ്കടല്‍ തീരത്ത് പുതിയ യുദ്ധമുഖം തുറന്ന് ഹൂതികള്‍; 50,000-ത്തോളം യമന്‍ പൗരന്മാര്‍ പലായനത്തില്‍
ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബുല്‍ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്‍ അനുകൂല ഹൂതികളുടെ കയ്യിലെത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍

- Updated:
2026-09-13 03:21:15

സന: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പല്‍പാതകളായ ബാബ് അല്‍ മന്ദബും ചെങ്കടല്‍ തീരവും പിടിച്ചെടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി യമനിലെ ഹൂതികള്‍. ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബുല്‍ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്‍ അനുകൂല ഹൂതികളുടെ കയ്യിലെത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെങ്കടല്‍ തീരത്ത് പുതിയ യുദ്ധമുഖം തുറന്നതിന് പിന്നാലെ യമന്‍ പൗരന്മാര്‍ കൂട്ടമായി അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ഏകദേശം 50,000-ത്തോളം യമനി പൗരന്മാര്‍ പലായനം ചെയ്‌തെന്നാണ് കണക്കുകള്‍.
സൗദിയിലെ ജിസാനില്‍ ഹുതി മിലീഷ്യയുടെ പ്രൊജക്ടൈല്‍ പതിച്ച് കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജിസാന്‍ മേഖലയിലെ അല്‍ തൂവല്‍ ഗവര്‍ണറേറ്റിലാണ് മിസൈല്‍ പതിച്ചതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഒരു പള്ളിയിലും കെട്ടിടത്തിലുമാണ് പ്രൊജക്ടൈല്‍ പതിച്ചത്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് ചൂണ്ടിക്കാട്ടി. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജിസാനില്‍ നേരത്തേയും ഹൂതി ആക്രമണങ്ങളുണ്ടായിരുന്നു.
തായിസ്, ഹുദൈദാഹ് എന്നിവിടങ്ങളില്‍ നിന്നുമാത്രം ഇതിനോടകം 46,000 യമനി പൗരന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ പറഞ്ഞു. നേരത്തെ ഒന്നോ അതിലധികമോ തവണ നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയവരായവര്‍ തന്നെയാണ് വീണ്ടും പലായനം ചെയ്തുകൊണ്ടിരിക്കുന്നത്.
ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ സാധനസാമഗ്രികളുമായി ഇതിനോടകം യാത്ര ചെയ്തുകഴിഞ്ഞിട്ടുണ്ട്. യുദ്ധം കാരണം പ്രധാനപ്പെട്ട പല റോഡുകളും തടസ്സപ്പെട്ടുകിടക്കുയാണെന്നാണ് വിവരം. 'കുടിയൊഴിപ്പിക്കലിന്റെ വ്യാപ്തി അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്', കെയ്‌റോയിലെ ഐഒഎം മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വക്താവ് ജോ ലോറി പറഞ്ഞു. അടിയന്തരമായ അഭയകേന്ദ്രങ്ങള്‍, സാമ്പത്തിക പിന്തുണ, ഭക്ഷണം, കുടിവെള്ളം, വീട്ടുപകരണങ്ങള്‍, ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യമനിലേത് കേവലം പ്രാദേശിക സംഘര്‍ഷം മാത്രമായി കണക്കാക്കാനാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. ഏഷ്യയും യൂറോപ്പും തമ്മിലുള്ള സമുദ്രവ്യാപാരത്തിന്റെ പ്രധാന കപ്പല്‍ പാതകളിലൊന്നായ ചെങ്കടല്‍-സൂയസ് കനാല്‍ റൂട്ടിന് നേരിട്ടുള്ള ഭീഷണിയാണിത്. ഇതിനകം തന്നെ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണ വിപണിയെ സമ്മര്‍ദത്തിലാക്കിയിരിക്കെയാണ് ബാബുല്‍ മന്ദബിലും അനിശ്ചിതത്വം ശക്തമാകുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഹൂതികള്‍ മുന്നേറ്റം നടത്തിയത്. തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരം ഹൂതികള്‍ പിടിച്ചെടുത്തതിന് പിന്നാലെ ദുബാബ് ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലേക്കും അവര്‍ നീങ്ങുകയുണ്ടായി. തുടര്‍ന്ന് ബാബുല്‍ മന്ദബിന്റെ മധ്യഭാഗത്തുള്ള പെരിം ദ്വീപിലേക്കും ഹൂതി പോരാളികള്‍ എത്തിച്ചേരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബാബുല്‍ മന്ദബ് കടലിടുക്കിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപിന് വലിയ തന്ത്രപ്രധാന്യമുണ്ട്. കടലിടുക്കിനെ രണ്ട് പ്രധാന കപ്പല്‍പ്പാതകളായി വിഭജിക്കുന്ന ഈ ദ്വീപിന്റെ നിയന്ത്രണം കടല്‍ഗതാഗതത്തിന് നിര്‍ണായക സ്വാധീനം നല്‍കും. യെമന്‍ സര്‍ക്കാര്‍ സേന ദ്വീപില്‍നിന്ന് പിന്മാറിയതിനു പിന്നാലെയാണ് ഹൂതികള്‍ അവിടെ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് ബാബുല്‍ മന്ദബ്?
അറബിയില്‍ 'കണ്ണീരിന്റെ കവാടം' എന്നര്‍ഥമുള്ള ബാബുല്‍ മന്ദബ്, യെമനും ആഫ്രിക്കന്‍ തീരത്തെ ജിബൂട്ടി- എറിത്രിയ പ്രദേശങ്ങള്‍ക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തെക്ക് ഏദന്‍ ഉള്‍ക്കടലിനെയും വടക്ക് ചെങ്കടലിനെയും ബന്ധിപ്പിക്കുന്നു. ചെങ്കടലിലൂടെ കപ്പലുകള്‍ പിന്നീട് ഈജിപ്തിലെ സൂയസ് കനാലിലെത്തുന്നു. അതുവഴിയാണ് ഏഷ്യയില്‍നിന്നും യൂറോപ്പിലേക്കുള്ള വലിയൊരു ഭാഗം ചരക്കുഗതാഗതം നടക്കുന്നത്. അതുകൊണ്ടുതന്നെ ബാബുല്‍ മന്ദബില്‍ ദീര്‍ഘകാല തടസം ഉണ്ടാകുന്നത് ഏഷ്യ- യൂറോപ്പ് വ്യാപാരപാതയെ തന്നെ സാരമായി ബാധിക്കും.
Adjust Story Font
16
