Quantcast

ഗസ്സയിൽ വീണ ഇളം ചോരയോട് നാം എങ്ങനെ പ്രതികരിച്ചു

സയണിസ്റ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലകളോട് നമ്മുടെ സമൂഹം പ്രതികരിച്ചതെങ്ങനെ..

MediaOne Logo

Web Desk

  • Published:

    7 Oct 2025 7:15 AM IST

ഗസ്സയിൽ വീണ ഇളം ചോരയോട് നാം എങ്ങനെ പ്രതികരിച്ചു
X

ഗസ്സ ഒരു ഉണങ്ങാത്ത മുറിവായി നീറിത്തുടങ്ങിയിട്ട് വർഷം രണ്ടായി. മനുഷ്യത്വം അവശേഷിക്കുന്ന ഏതൊരാളും ഗസ്സയിൽ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങളെ ഓർത്ത് മനസിലെങ്കിലും ഒന്ന് തേങ്ങിയിട്ടുണ്ടാകും. ആ ജനതയോട് ഒരിക്കലെങ്കിലും ഐക്യപ്പെട്ടിട്ടുണ്ടാവും. 2023 ഒക്ടോബർ ഏഴിനു ശേഷം ഗസ്സയെ ശവപ്പറമ്പാക്കാൻ ഒരുമ്പെട്ടിറങ്ങിയ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് നമുക്കിടയിൽ നിന്ന് ഉയർന്നുവന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ വിയോജിപ്പുകൾക്കപ്പുറത്ത് നിരവധി മുഷ്ടികൾ ഗസ്സയ്ക്കു വേണ്ടി ഉയർന്നു. മതേതര മനസുള്ള എല്ലാവരും ഗസ്സയ്ക്കായി തെരുവിലിറങ്ങിയപ്പോൾ നെതന്യാഹു ഭരണകൂടത്തെ പിന്തുണച്ച് രംഗത്തുവന്ന ഒരു ന്യൂനപക്ഷവും നമുക്കിടയിൽ ഉണ്ടായിരുന്നു.

കേരളത്തിലെയടക്കം മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ മത-സാമുദായിക-സാംസ്‌കാരിക സംഘടനകളും ഗസ്സയ്ക്കായി തെരുവിലിറങ്ങി. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ 2023 ഒക്ടോബർ 23ന് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസാണ് രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ഫലസ്തീൻ ഐക്യദാർഢ്യം. അതിനു പിന്നാലെ മറ്റ് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഫലസ്തീന് ഐക്യദാർഢ്യവുമായി രംഗത്തുവന്നു.

ഗസ്സയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇടതുപാർട്ടികളുടെ ഭാഗത്തുനിന്ന് ഉയർന്നത്. ഫലസ്തീൻ വിമോചന നേതാവ് യാസർ അറഫാത്തിന്റെ 19ാം ചരമവാർഷിക ദിനത്തിൽ കോഴിക്കോട് ബീച്ചിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്തും സമാനമായ ഐക്യദാർഢ്യ റാലി നടന്നു. മധുരയിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് കഫിയ ധരിച്ചാണ് സമ്മേളന പ്രതിനിധികൾ എത്തിയത്. ചെറുത്തുനിൽപ്പിന്റെയും ഐക്യദാർഢ്യത്തിന്റേയും ചിഹ്നമായ കഫിയ ധരിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ സാവേശിനെ പങ്കെടുപ്പിച്ചാണ് കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിൽ എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്. പൊരുതുന്ന ഫലസ്തീന് കരുത്തായി ഇന്ത്യൻ ജനത എന്നും കൂടെനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ പാർട്ടി കോൺഗ്രസ് വേദിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലും അംബാസഡർ പങ്കെടുത്തു.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതികൾക്കെതിരെയും ഇന്ത്യയുടെ മൗനത്തേയും വിമർശിച്ച് കോൺഗ്രസിൽ നിന്ന് ശക്തമായി രംഗത്തുവന്നത് സോണിയ ഗാന്ധി തന്നെയായിരുന്നു. 'ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രയേൽ തുടരുന്ന അതിക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനം അങ്ങേയറ്റം നിരാശാജനകമാണെന്നാണ് സോണിയഗാന്ധി പ്രതികരിച്ചത്. ഇസ്രയേൽ നടപടി പ്രാകൃതവും വംശഹത്യയുമാണ്. ഗസ്സയിലെ ജനങ്ങൾക്ക് അനുകൂലമായി ധീരമായ നിലപാട് എടുക്കാൻ കേന്ദ്രം തയ്യാറാവണം'- എന്നുമായിരുന്നു സോണിയയുടെ വാക്കുകൾ. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന് നൽകിയത് അഭിമുഖത്തിലാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായ സോണിയഗാന്ധി തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയ്ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിലും നിരവധി പ്രതിഷേധങ്ങൾ നടന്നു. 2023 നവംബർ 23ന് കോഴിക്കോട് കടപ്പുറത്ത് നടന്ന ഗസ്സ ഐക്യദാർഢ്യ റാലി എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് ഉദ്ഘാടനം ചെയ്തത്. ഇസ്രയേലിന്റെ ആക്രമണങ്ങളെ ശക്തമായ അപലപിച്ച റാലിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. മാ നിഷാദാ എന്ന പേരിൽ ഗാന്ധിജയന്തി ദിനത്തിലും കെപിസിസി ആഹ്വാനപ്രകാരമുള്ള ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ നടന്നു. സോണിയാഗാന്ധി ഉൾപ്പെടെയുള്ളവർ ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം ശശിതരൂരിന്റെ നിലപാടുകൾ പലപ്പോഴും കോൺഗ്രസ് നിലപാടിന് വിരുദ്ധമായിരുന്നു.

'സേവ് ഫലസ്തീൻ സേവ് ഹ്യുമാനിറ്റി' മുദ്രാവാക്യം ഉയർത്തി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന മനുഷ്യാവകാശ റാലി പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. പതിനായിരങ്ങളാണ് ഗസ്സയോട് ഐക്യപ്പെട്ട് തെരുവിലിറങ്ങിയത്. മുഖ്യപ്രഭാഷകനായി എത്തിയ ശശി തരൂർ ഹമാസിനെ കുറിച്ച് നടത്തിയ പരാമർശം ഏറെ വിവാദമായി. ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതാണ് ഏറെ വിവാദമായത്. ലീഗ് ചടങ്ങിലെ വിവാദ പരാമർശത്തിന് പിന്നാലെ മഹല്ല് എംപവർമെന്റ് മിഷൻ (എംഇഎം) നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കുകയും ചെയ്തു.

ഫലസ്തീന് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലും നിരവധി പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി നടന്നത്. കോഴിക്കോട് നടന്ന ഐക്യദാർഢ്യ റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. വിവിധ മത- സാമുദായിക- സാംസ്‌കാരിക സംഘടനകളും ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി രംഗത്തുവന്നു. പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രാർഥാന സംഗമങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രയേൽ ഭരണകൂടം നടത്തുന്ന കിരാത നടപടികൾ അവസാനിപ്പിക്കുക, ശാശ്വത പരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രാർഥനാ സംഗമങ്ങൾ സംഘടിപ്പിച്ചത്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലും ഫലസ്തീന് ഐക്യദാർഢ്യ പരിപാടികൾ നടന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി നടന്ന ഐക്യദാർഢ്യ സംഗമങ്ങളിൽ നിരവേധി പേരാണ് ഗസ്സയോട് ഐക്യപ്പെടാനായി എത്തിയത്. സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസിൽ ഹമാസ് മുൻ തലവൻ ഖാലിദ് മിശ്അൽ ഓൺലൈനായി പങ്കാളിയായി. നിരവധി സംഘടനകളും വിവിധ രാഷ്ട്രീയപാർട്ടികളും സമാനമായ രീതിയിൽ ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി എത്തി.

വളരെ വ്യത്യസ്തമായൊരു​ ​ഗസ്സ ഐക്യദാർഢ്യ പരിപാടിക്ക് കേരളം സാക്ഷ്യം വഹിച്ചു. ഇസ്രയേൽ വംശഹത്യയിൽ നിശബ്ദമായ കുഞ്ഞുജീവനുകൾക്ക് ഐക്യദാർഢ്യവുമായി എറണാകുളം വഞ്ചി സ്‌ക്വയറിൽ എത്തിയവർ മരിച്ച കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു. ഗസ്സയുടെ പേരുകൾ എന്ന പേരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ചടങ്ങ് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ സാവേശ് വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക, സാമൂഹിക, മാധ്യമമേഖലകളിലെ നിരവധി പേർ ഗസ്സയുടെ പേരുകൾ ഐക്യദാർഢ്യ പരിപാടിയിൽ പങ്കാളികളായി.

ഗസ്സയിലെ കുഞ്ഞുങ്ങളെ ഓർത്ത് പിറന്നാൾ ദിനത്തിൽ ഒരു പിടി അന്നം കഴിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞ ലീലാവതി ടീച്ചറും ഗസ്സയെന്ന് എഴുതി ആദ്യക്ഷരം കുറിച്ച നിളയേയും ഇതിനിടെ നമ്മൾ കണ്ടു. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞ 98 വയസുള്ള ലീലാവതി ടീച്ചർക്കെതിരായ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപം ചൊരിഞ്ഞ സംഘ്പരിവാർ അനുകൂലികളേയും നമ്മൾ കണ്ടു. ഗസ്സയിലേക്കുള്ള ഇസ്രയേൽ ആക്രമണത്തിനെതിരായി രാജ്യം മുഴുവൻ പ്രതിഷേധം ഉയരുമ്പോൾ ഇസ്രയേലിനായി ആദ്യം രംഗത്തുവന്നത് ബിജെപിയാണ്. 'ഭീകരവിരുദ്ധ ദിനം' എന്ന പേരിലാണ് ബിജെപി ഇസ്രയേലിനോടുള്ള പിന്തുണ അറിയിച്ച് രംഗത്തുവന്നത്. ഇസ്രയേൽ അതിക്രമങ്ങളെ പിന്തുണച്ച് രംഗത്തുവന്ന മറ്റൊരു വിഭാഗം യുക്തിവാദി സംഘടനയായ എസൻസ് ഗ്ലോബലാണ്. സി. രവിചന്ദ്രന്റേയും ആരിഫ് ഹുസൈന്റെയും നേതൃത്വത്തിൽ ഇസ്രയേൽ അനുകൂല നിലപാടാണ് എസൻസ് ഗ്ലോബൽ സ്വീകരിച്ചത്.

TAGS :

Next Story