ഗസ്സ വംശഹത്യയുടെ രണ്ട് വർഷങ്ങൾ: ആഗോള ബഹിഷ്‌കരണ ക്യാമ്പയിൻ ഇസ്രായേലിനെ പിന്തുണക്കുന്ന ബ്രാൻഡുകളെ ബാധിച്ചതെങ്ങനെ?
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ ആരംഭിച്ചതിനുശേഷം മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ്, കൊക്കകോള, നെസ്‌ലെ, നൈക്ക് തുടങ്ങിയ കമ്പനികളുടെ വരുമാനത്തിൽ ഇടിവ് നേരിട്ടു

ബോയ്‌കോട്ട് ക്യാമ്പയിൻ | Photo: Anadolu Agency
ഗസ്സ: ഗസ്സക്കെതിരായ വംശഹത്യ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിലകൊണ്ടു എന്ന കാരണത്താൽ ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് മിഡിൽ ഈസ്റ്റിൽ നിന്നും ആരംഭിച്ച് യൂറോപ്പിലേക്കും ഏഷ്യയിലേക്കും പടർന്ന ബഹിഷ്‌കരണ ക്യാമ്പയിൻ വലിയ തോതിൽ കുത്തക ബ്രാൻഡുകൾക്ക് പരിക്കേൽപ്പിച്ചിട്ടുണ്ട്. കാപ്പി ശൃംഖലകൾ മുതൽ ഉപഭോക്തൃ ഉൽപ്പന്ന ഭീമന്മാർ വരെ ഇപ്പോൾ വിൽപ്പനയിലെ ഇടിവും പ്രശസ്തി തകർച്ചയും നേരിടുന്നു. ഇസ്രയേലുമായി ബന്ധമുള്ള കൊക്കകോള, പെപ്സികോ, മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ്, നൈക്ക് തുടങ്ങിയ കമ്പനികൾക്ക് വരുമാനം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ചും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ.
ഏറ്റവും കൂടുതൽ ബാധിച്ച ചില സ്ഥാപനങ്ങൾ:
റെസ്റ്റോറന്റ് ശൃംഖലകളിൽ യുഎസ് ആസ്ഥാനമായുള്ള ഭക്ഷ്യ-പാനീയ കമ്പനികളായ മക്ഡൊണാൾഡ്സ്, ബർഗർ കിംഗ്, സ്റ്റാർബക്സ്, കെഎഫ്‌സി, പിസ്സ ഹട്ട് എന്നിവ ബഹിഷ്‌കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളായിരുന്നു. മക്ഡൊണാൾഡിന്റെ ആഗോള വിൽപ്പന 2024ൽ വാർഷികാടിസ്ഥാനത്തിൽ 0.1% കുറയുകയും 2025ന്റെ ആദ്യ പാദത്തിൽ 1% കുറയുകയും ചെയ്തു. നാല് വർഷത്തിനിടയിലെ ഇത്രയും ഇടിവ് സംഭവിക്കുന്നത് ഇതാദ്യമായാണ്. ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ചില വിദേശ വിപണികളിലെ പ്രകടനത്തെ സ്വാധീനിച്ചുവെന്ന് കമ്പനി തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്കൻ ഫ്രാഞ്ചൈസിയായ ഡൊമിനോസ് പിസ്സ എന്റർപ്രൈസസ് ബഹിഷ്‌കരണ പ്രചാരണങ്ങളെത്തുടർന്ന് ഏഷ്യയിലുടനീളമുള്ള റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുകയും പതിറ്റാണ്ടുകൾക്ക് ശേഷം വലിയ നഷ്ട്ടം അഭിമുഖീകരിക്കുകയും ചെയ്യുന്നു. 2025 ജൂണിൽ കമ്പനി 3.7 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ (2.4 മില്യൺ ഡോളർ) നഷ്ടം രേഖപ്പെടുത്തി.
ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ സ്റ്റാർബക്‌സിനും തുടർച്ചയായി മൂന്ന് പാദങ്ങളിൽ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ലെ മൂന്നാം പാദത്തിൽ സ്റ്റാർബക്‌സിന്റെ വരുമാനം 2% കുറഞ്ഞു. ഇതേതുടർന്ന് ഡസൻ കണക്കിന് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുകയും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും കമ്പനി പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.
2024 സാമ്പത്തിക വർഷത്തിൽ സ്റ്റാർബക്സ് ആഗോള വിൽപ്പനയിൽ 2% ഇടിവ് രേഖപ്പെടുത്തി. മലേഷ്യയിൽ സാമ്പത്തിക വർഷത്തിൽ സ്റ്റാർബക്സ് വിൽപ്പന 36% വാർഷിക ഇടിവുണ്ടായതായി പ്രാദേശിക ഓപ്പറേറ്ററായ ബെർജയ ഫുഡ് ബെർഹാദ് പറഞ്ഞു. ബഹിഷ്‌കരണങ്ങളും പ്രതിഷേധങ്ങളും ഇതിന് ഒരു കരണമായതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
അമേരിക്കാന ഗ്രൂപ്പിന്റെ കെഎഫ്‌സി, പിസ്സ ഹട്ട്, ക്രിസ്പി ക്രെം തുടങ്ങിയ യുഎസ് ഭക്ഷ്യ ബ്രാൻഡുകൾ 2024ൽ അവരുടെ അറ്റാദായം 38.8% ഇടിഞ്ഞ് 158.7 മില്യൺ ഡോളറിലെത്തി. വരുമാനത്തിന്റെ കാര്യത്തിൽ 2023ലെ 2.41 ബില്യൺ ഡോളറിൽ നിന്ന് 9% ഇടിഞ്ഞ് 2.19 ബില്യൺ ഡോളറിലെത്തി. പ്രാദേശിക ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ചില വിപണികളിലെ ഉപഭോക്തൃ ആവശ്യകത കുറഞ്ഞതും, വിദേശനാണ്യ വിനിമയത്തിലെ പ്രതികൂലമായ മാറ്റങ്ങളുമാണ് വിലയിടിവിന് കാരണമെന്നാണ് കമ്പനിയുടെ വാദം.
2025ന്റെ രണ്ടാം പാദത്തിൽ കൊക്കക്കോളയുടെ ആഗോള വിൽപ്പന 1% കുറഞ്ഞു. ഏഷ്യ-പസഫിക്കിൽ വിൽപ്പന 3% കുറഞ്ഞപ്പോൾ ഇന്ത്യയിൽ 5% ഇടിവ് രേഖപ്പെടുത്തി. 2025ന്റെ ആദ്യ പകുതിയിൽ പെപ്‌സികോയുടെ വിൽപ്പനയിൽ 0.3% ഇടിവുണ്ടായതായി റിപ്പോർട്ടുണ്ട്.
അധിനിവേശ പലസ്തീനിൽ പ്രവർത്തിക്കുന്ന ഇസ്രായേലി ഭക്ഷ്യ നിർമാതാക്കളായ ഒസെമിൽ നിയന്ത്രണ ഓഹരി ഉടമയായ നെസ്‌ലെ 2025ന്റെ ആദ്യ പകുതിയിൽ വിൽപ്പനയിൽ 1.8% ഇടിവും അറ്റാദായത്തിൽ 10.3% ഇടിവും റിപ്പോർട്ട് ചെയ്തു. 2024ൽ നെസ്‌ലെയുടെ വിൽപ്പന 1.8% കുറയുകയും അറ്റാദായം 2.9% കുറയുകയും ചെയ്തു.
റീട്ടെയിൽ മേഖല
ഇസ്രായേലിന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെയും പേരിൽ സ്‌പോർട്‌സ് വെയർ കമ്പനികളും ബഹിഷ്‌കരണത്തിന് ഇരയായിട്ടുണ്ട്. 2025ലെ രണ്ടാം പാദത്തിൽ പ്യൂമയുടെ വിൽപ്പന 2% കുറഞ്ഞു. യൂറോപ്പ്-മിഡിൽ ഈസ്റ്റ്-ആഫ്രിക്ക മേഖലയിൽ 3.1% ഇടിവാണുണ്ടായത്. 2018ൽ പ്യൂമ ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന്റെ (ഐഎഫ്എ) സ്പോൺസറായി മാറിയതിനുശേഷം പ്യൂമക്കെതിരെ ആഗോള ബോയ്‌കോട്ട് ക്യാമ്പയിൻ ആരംഭിച്ചു. എന്നാൽ തീരുമാനം തിരിച്ചടിയായതോടെ 2024 അവസാനത്തോടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
ഈ കാലയളവിൽ നൈക്കിയുടെ അറ്റാദായം 86% കുറഞ്ഞ് 211 മില്യൺ ഡോളറിലെത്തി. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വരുമാനം 10% ഇടിഞ്ഞപ്പോൾ നൈക്കിയുടെ നേരിട്ടുള്ള വിൽപ്പന 20% ഇടിഞ്ഞു. 2025 സാമ്പത്തിക വർഷം മുഴുവൻ നൈക്കിയുടെ അറ്റാദായം 3.2 ബില്യൺ ഡോളറായിരുന്നു. അതായത് 2024ലെ 5.7 ബില്യൺ ഡോളറിൽ നിന്ന് 44% കുറവ്.
എന്നാൽ നഷ്ടങ്ങൾ പുനർനിർമാണ ചെലവുകളും താരിഫുകളും മൂലമാണെന്നാണ് കമ്പനിയുടെ വാദം. എന്നാൽ ബഹിഷ്‌കരണങ്ങളും ഇടിവിന് കാരണമായിട്ടുണ്ട്. 2025 ന്റെ തുടക്കത്തിൽ ഇസ്രായേലിന്റെ തുടർച്ചയായ വംശഹത്യകൾക്കിടയിൽ സാറ ഇസ്രായേലിലെ എക്കാലത്തെയും വലിയ സ്റ്റോർ തെൽ അവിവിൽ തുറന്നു. ഇത് സാറക്കെതിരെയുള്ള ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങൾക്ക് ആക്കം കൂട്ടി. തുടർന്ന് ബ്രാൻഡിന്റെ വിൽപ്പനയിൽ 2% ഇടിവ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ പോലും സാറയുടെ വിൽപ്പനയിൽ 3.8% കുറഞ്ഞിട്ടുണ്ട്.
ഇതിനുപുറമെ ആഗസ്റ്റിൽ നോർവേയുടെ 2 ട്രില്യൺ ഡോളർ സോവറിൻ വെൽത്ത് ഫണ്ട് കൈകാര്യം ചെയ്യുന്ന നോർജസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് അഞ്ച് ഇസ്രായേലി ബാങ്കുകളെയും യുഎസ് ആസ്ഥാനമായുള്ള കാറ്റർപില്ലറിനെയും അവരുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് നീക്കം ചെയ്തതായി പ്രഖ്യാപിച്ചു. ഈ ആഴ്ച ആദ്യം, നെതർലൻഡ്‌സിലെ ഏറ്റവും വലിയ സിവിക് പെൻഷൻ ഫണ്ടായ എബിപി അമേരിക്കൻ ഉപകരണ നിർമാതാവിന് ഇസ്രായേൽ സൈന്യവുമായുള്ള ബന്ധം കാരണം കാറ്റർപില്ലറിലെ മുഴുവൻ ഓഹരികളും വിറ്റു. യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തിലെ അഞ്ചാമത്തെ വലിയ പെൻഷൻ ഫണ്ടുമായ എബിപി മുമ്പ് കാറ്റർപില്ലർ ഓഹരികളിൽ ഏകദേശം €387 മില്യൺ ($455 മില്യൺ) നിക്ഷേപം നടത്തിയിരുന്നു.
Adjust Story Font
16

