ഗസ്സയിൽ സമാധാനം പുലരുന്നോ? ഇസ്രായേലിന്റെ അനുമതിക്കായി അതിർത്തിയിൽ കാത്തിരിക്കുന്നത് നൂറുകണക്കിന് എയിഡ് ട്രക്കുകൾ
ഗസ്സയിലുടനീളമുള്ള ഫലസ്തീനികൾ ഇപ്പോൾ തങ്ങളുടെ ജീവിതം പുനർനിർമിക്കുക എന്ന വലിയ വെല്ലുവിളി നേരിടുകയാണ്

ഗസ്സയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്ന എയിഡ് ട്രക്കുകൾ | Photo: AFP
ഗസ്സ: വെടിനിർത്തൽ ചർച്ച പ്രാബല്യത്തിൽ വന്നതിന് ശേഷം ഗസ്സയിലേക്ക് അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും മറ്റ് സഹായവും വിതരണം ചെയ്യാൻ അതിർത്തിയിൽ നൂറുകണക്കിന് ട്രാക്കുകൾ കാത്തുനിൽക്കുന്നതായി അൽ ജസീറ, ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലെ മാനുഷിക സഹായത്തിന്റെ ചുമതലയുള്ള ഇസ്രായേലി പ്രതിരോധ സംഘടനയായ COGAT ഗസ്സയിലേക്ക് എത്തുന്ന സഹായത്തിന്റെ അളവ് പ്രതിദിനം 600 ട്രക്കുകളായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് (ഞായറാഴ്ച) ഗസ്സയിലേക്ക് 400 ട്രക്കുകൾ അയക്കുമെന്ന് ഈജിപ്ത് അറിയിച്ചു. ട്രക്കുകൾ ഇസ്രായേൽ സൈന്യം പരിശോധിച്ചതിന് ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ.
മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, ഭക്ഷണം, ഇന്ധനം എന്നിവ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളുള്ള ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെ ട്രക്കുകൾ അതിർത്തിയിൽ കാത്തിരിക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ അനുമതി നൽകിയാൽ ഗസ്സയിലേക്ക് എത്തിക്കാൻ ഏകദേശം 170,000 മെട്രിക് ടൺ ഭക്ഷണം, മരുന്ന്, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭയും അറിയിച്ചു.
കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ കൂടുതൽ ഫലസ്തീനികൾ ഗസ്സ നഗരത്തിലേക്കും ഗസ്സയുടെ വടക്കൻ ഭാഗത്തേക്കും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഗസ്സയിലുടനീളമുള്ള ഫലസ്തീനികൾ ഇപ്പോൾ തങ്ങളുടെ ജീവിതം പുനർനിർമിക്കുക എന്ന വലിയ വെല്ലുവിളി നേരിടുകയാണ്. രണ്ട് വർഷമായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി നിർബന്ധിത കുടിയിറക്കം, പട്ടിണി, ബോംബാക്രമണം, ഉപരോധം എന്നിവക്ക് ശേഷം തങ്ങൾ ക്ഷീണിതരും ദുർബലരും പോഷകാഹാരക്കുറവുള്ളവരുമാണെന്ന് പല ഫലസ്തീനികളും പറയുന്നു.
ഫലസ്തീനികൾക്കിപ്പോൾ സഞ്ചാര സ്വാതന്ത്ര്യമുണ്ടെങ്കിലും വീടുകളിലേക്ക് തിരിച്ചുവരുന്നവർ അഭിമുഖീകരിക്കുന്നത് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ആക്രമണങ്ങളിൽ പൂർണമായും തകർന്നിരിക്കുന്ന അവരുടെ വീടുകളാണ്. അതുകൊണ്ട് തന്നെയാണ് അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ട പ്രദേശത്തേക്ക് തിരികെ പോയാൽ ഉടൻ തന്നെ താമസം ആരംഭിക്കാൻ കഴിയില്ലെന്ന് പലസ്തീനികൾ പറയുന്നത്.
ലക്ഷക്കണക്കിന് ഫലസ്തീനികൾ തരിശുഭൂമിയിലേക്കാണ് മടങ്ങുന്നത്. ശൈത്യകാലം അടുക്കുന്നതിനാലും മഴ പെയ്യുന്നതിനാലും ഈ കാലാവസ്ഥയിൽ ഗസ്സയിലേക്ക് മടങ്ങിവരുന്നവർക്ക് ദുരിതത്തിന്റെ അനുഭവങ്ങളാണ് മുന്നിലുള്ളത്. എന്നിട്ടും അവർ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചുവരുന്നു. തകർന്ന കെട്ടിടങ്ങളുടെയോ അവർ വളർന്ന പ്രദേശങ്ങളുടെയോ അവശിഷ്ടങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഓരോ ഫലസ്തീനിയും അവരുടെ ജന്മദേശത്തേക്ക് മടങ്ങുന്നത്.
ഈജിപ്ഷ്യൻ റെഡ് ക്രസന്റ് നിർദ്ദേശിച്ച കുറഞ്ഞത് 400 ട്രക്കുകളും, യുഎൻ ഏജൻസികളിൽ നിന്ന് 100 ട്രക്കുകളും, ഇന്ധനം വഹിക്കുന്ന 50 ഓളം ട്രക്കുകളും ഉടനെ തന്നെ ഗസ്സയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഈ പ്രക്രിയ വളരെ മന്ദഗതിയിലാണ്. ഇസ്രായേലി പരിശോധനകൾ അതിർത്തിയിൽ വാഹനവ്യൂഹങ്ങളെ വൈകിപ്പിക്കുന്നു.
Adjust Story Font
16

