Quantcast

നെതന്യാഹുവിന്റെ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേൽ ആവശ്യം തള്ളി ഐസിസി

ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തിയായിരുന്നു അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി) നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്‌

MediaOne Logo

Web Desk

  • Published:

    17 July 2025 9:35 AM IST

നെതന്യാഹുവിന്റെ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേൽ ആവശ്യം തള്ളി ഐസിസി
X

ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേലിന്റെ അഭ്യർത്ഥന തള്ളി അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി). ഇസ്രായേലിന്റെ അഭ്യർത്ഥന സ്വീകരിക്കാനാവില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.

ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തിയായിരുന്നു അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇരുവര്‍ക്കുമെതിരെ അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്.

ഗസ്സയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ വിധി പറയുന്നതുമായി ബന്ധപ്പെട്ട അധികാരപരിധിയെക്കുറിച്ച് കോടതി അവലോകനം ചെയ്യുന്നതിനിടെയാണ് ഇസ്രായേലിന്റെ ആഭ്യര്‍ഥന തള്ളുന്നത്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കോടതിയുടെ വിശാലമായ അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഇസ്രായേലിന്റെ അഭ്യർത്ഥനയും ഐസിസി നിരസിച്ചു.

ഫലസ്തീൻ പ്രദേശങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഐസിസിക്ക് അധികാരപരിധിയില്ലെന്നായിരുന്നു ഇസ്രായേലിന്റെ വാദം. ഇതിനിടെ യുദ്ധക്കുറ്റ അന്വേഷണം ഉപേക്ഷിക്കാൻ ഐസിസിക്ക് മേൽ കടുത്ത സമ്മർദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസിയുടെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്ന ഭീഷണികളും വരുന്നു.

ഐസിസിയുടെ കടന്നുകയറ്റം തടയാൻ ഉചിതവും ഫലപ്രദവുമായ എല്ലാ നയതന്ത്ര, രാഷ്ട്രീയ, നിയമ ഉപകരണങ്ങളും ഉപയോഗിക്കുമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുതിർന്ന നിയമ ഉപദേഷ്ടാവായ റീഡ് റൂബിൻസ്റ്റീന്റെ ഭീഷണി. ഫലസ്തീനുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു റൂബിൻസ്റ്റീന്റെ ഭീഷണി വന്നത്.

ഐസിസി തന്നെ നിർത്തലാക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. അത് ഇതുവരെ ഫലം കണ്ടിട്ടില്ല.

TAGS :

Next Story