ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നൽകും; മുന്നറിയിപ്പുമായി ട്രംപ്
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു

വാഷിങ്ടൺ: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഏതെങ്കിലും വിധത്തില്‍ ഇറാന്‍ ആക്രമിച്ചാല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും നിങ്ങള്‍ക്ക് കാണേണ്ടിവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കൂട്ടിച്ചേർത്തു.
ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പൂര്‍ണതോതിലുള്ള യുദ്ധമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമാധാനക്കരാറിലെത്തുവാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും തനിക്ക് എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഇപ്പോഴും ആണവ ചർച്ചക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇനിയൊരു ചർച്ചയുമില്ലെന്ന് ഇറാൻ ആവർത്തിച്ചു.
ഇന്ന് പുലർച്ചെ നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ മരണം എട്ടായി.200 പേർക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിൽ വൻ നാശനഷ്‌ടമുണ്ടായതാണ് റിപ്പോർട്ടുകൾ. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി. യെമനിലെ ഹൂതി നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേൽ യെമനിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് ഇസ്രയേൽ പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്‌തു. ഇവരെ ചോദ്യം ചെയ്‌തു വരുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുതു. യുദ്ധത്തിൽ ഇടപെടാൻ രണ്ട് ദിവസമായി ഇസ്രയേൽ അഭ്യർഥിച്ചിട്ടും ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

