Quantcast

ഇന്ത്യയെ പ്രശംസിച്ച്, അമേരിക്കയെ ആക്രമിച്ച് ഇമ്രാൻ ഖാൻ

തങ്ങളുടെ പണമെല്ലാം യു.എസ് ബാങ്കുകളിൽ അട്ടിവച്ചിരിക്കുന്നതിനാൽ പ്രതിപക്ഷം പാകിസ്താന്റെ ദേശതാൽപര്യം ബലികഴിച്ചിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    1 April 2022 2:57 PM GMT

ഇന്ത്യയെ പ്രശംസിച്ച്, അമേരിക്കയെ ആക്രമിച്ച് ഇമ്രാൻ ഖാൻ
X

ഇസ്‌ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ. എപ്പോഴും സ്വതന്ത്രമായ വിദേശനയം കൊണ്ടുനടക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അത് പ്രശംസനീയമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇതോടൊപ്പം അമേരിക്കയെ പേരെടുത്തു പറയാതെ വിമർശിക്കുകയും ചെയ്തിട്ടുണ്ട് ഇമ്രാൻ.

ദേശീയ, പൊതുതാൽപര്യങ്ങൾ പരിഗണിച്ച് എപ്പോഴും തങ്ങളുടെ സ്വതന്ത്ര വിദേശനയത്തെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യയെ പ്രശംസിക്കുകയാണ്. ഇതിന്റെ പേരിൽ(റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്) ഞാൻ ഇന്ത്യയെ കുറ്റപ്പെടുത്തില്ല. കാരണം അത് അവരുടെ താൽപര്യത്തോട് ഏറ്റവും ചേരുന്നതാണ്. ഇന്ത്യയ്ക്ക് സ്വതന്ത്രമായ വിദേശനയമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. അതുകൊണ്ട് അവർക്ക് ഇന്ത്യയെ കുറ്റപ്പെടുത്താനുമാകില്ല-ഇമ്രാൻ ഖാൻ വ്യക്തമാക്കി.

തന്റെ റഷ്യൻ പര്യടനത്തിൽ ഒരു ലോകശക്തി രാജ്യത്തിന് പിടിച്ചിട്ടില്ലെന്ന് അമേരിക്കയെ ഉന്നംവച്ച് ഇമ്രാൻ വിമർശിച്ചു. തങ്ങളുടെ പണമെല്ലാം യു.എസ് ബാങ്കുകളിൽ അട്ടിവച്ചിരിക്കുന്നതിനാൽ പ്രതിപക്ഷം പാകിസ്താന്റെ ദേശതാൽപര്യം ബലികഴിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അവസാന പന്തുവരെ പോരാടും'

അവസാന പന്തുവരെ പോരാടുന്ന കളിക്കാരനാണ് ഇമ്രാൻ ഖാനെന്നും രാജിവയ്ക്കില്ലെന്നും കഴിഞ്ഞ ദിവസം പാകിസ്താൻ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. സുഹൃത്തുക്കളും ശത്രുക്കളും കളി കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2018ൽ അധികാരമേറ്റതിനുശേഷം ഏറ്റവും വലിയ വെല്ലുവിളിയാണ് ഇമ്രാൻ ഖാൻ ഇപ്പോൾ നേരിടുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയും വിദേശനയത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയ ചർച്ച നടക്കാനിരിക്കെ പാകിസ്താൻ ദേശീയ അസംബ്ലി ഏപ്രിൽ മൂന്നുവരെ പിരിഞ്ഞിരുന്നു. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചർച്ച ഞായറാഴ്ച നടന്നേക്കും. അവിശ്വാസപ്രമേയം പിൻവലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താൻ ഇമ്രാൻ ഖാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രമേയത്തിൽ നടക്കേണ്ട ചർച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്.

Summary: Imran Khan says, I commend India for always having an independent foreign policy for national and public interest

TAGS :

Next Story