Quantcast

റഷ്യ ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങളെ ഹോര്‍മുസ് ചുങ്കം പിരിവില്‍ നിന്ന് ഒഴിവാക്കി ഇറാന്‍

മോസ്‌കോയിലെ ഇറാന്‍ അംബാസഡര്‍ ഖാസിം ജലാലിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റിയ നൊവാസ്റ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-24 08:25:38.0

Published:

24 April 2026 12:53 PM IST

Iran excludes friendly nations from hormuz toll
X

മോസ്‌കോ: റഷ്യ ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങളെ ഹോര്‍മുസ് ചുങ്കം പിരിവില്‍ നിന്ന് ഒഴിവാക്കി ഇറാന്‍. മോസ്‌കോയിലെ ഇറാന്‍ അംബാസഡര്‍ ഖാസിം ജലാലിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റിയ നൊവാസ്റ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മറ്റ് ഏതൊക്കെ സൗഹൃദ രാജ്യങ്ങളെയാണ് ചുങ്കത്തില്‍ നിന്ന് ഒഴിവാക്കിയതെന്നതില്‍ വ്യക്തതയില്ല.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കിത്തുടങ്ങിയെന്നും ആദ്യഘട്ട വരുമാനം ലഭിച്ചെന്നും ഇന്നലെ ഇറാന്‍ അറിയിച്ചിരുന്നു. ഇറാനിയന്‍ പാര്‍ലമെന്റായ 'മജ്‌ലിസ്' സെക്കന്‍ഡ് വൈസ് സ്പീക്കര്‍ ഹമീദ് റിസ ഹാജി ബാബേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഭിച്ച വരുമാനം ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കായ 'ബാങ്ക് മര്‍ക്കസിയില്‍' നിക്ഷേപിച്ചതായും ഹാജി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തെ പ്രധാന എണ്ണഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് ഇറാന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.

സുരക്ഷാ ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹോര്‍മുസ് വഴിയുള്ള ഗതാഗതത്തിന് ഫീസ് ഈടാക്കാനുള്ള തീരുമാനം ഇറാന്‍ പ്രഖ്യാപിച്ചത്. ചരക്കിന്റെ തരം, അളവ്, അപകടസാധ്യതയുടെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും ഫീസ് എന്ന് ഇറാന്‍ പാര്‍ലമെന്റ് വ്യക്തമാക്കിയിരുന്നു. ഡോളറിന് പകരം ചുങ്കം തങ്ങളുടെ കറന്‍സിയായ റിയാലില്‍ ഈടാക്കാന്‍ ഇറാന്റെ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തിലെ മൊത്തം ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയായ ഹോര്‍മുസില്‍ ചുങ്കം ഏര്‍പ്പെടുത്തുന്നത് ഇറാന്‍ യുഎസിന് മുന്നില്‍ വെച്ച പത്തിന സമാധാന പദ്ധതിയില്‍ പറയുന്ന കാര്യമാണ്. എന്നാല്‍, ഇസ്‌ലാമാബാദില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ യുഎസുമായി ധാരണയായിരുന്നില്ല.

TAGS :

Next Story