Quantcast

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍; ആദ്യചുങ്കം ലഭിച്ചതായി ഇറാൻ

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-23 10:03:17.0

Published:

23 April 2026 3:32 PM IST

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍; ആദ്യചുങ്കം ലഭിച്ചതായി ഇറാൻ
X

തെഹ്റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കിത്തുടങ്ങിയെന്നും ആദ്യഘട്ട വരുമാനം ലഭിച്ചെന്നും ഇറാന്‍. ഇറാനിയന്‍ പാര്‍ലമെന്റായ 'മജ്ലിസ്' സെക്കന്‍ഡ് വൈസ് സ്പീക്കര്‍ ഹമീദ് റിസ ഹാജി ബാബേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലഭിച്ച വരുമാനം ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കായ 'ബാങ്ക് മര്‍ക്കസിയില്‍' നിക്ഷേപിച്ചതായും ഹാജി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് ഇറാന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.

പശ്ചിമേഷ്യയില്‍ രൂക്ഷമായി തുടരുന്ന നിലവിലെ സംഘര്‍ഷാവസ്ഥയ്ക്കിടെയുള്ള ഇറാന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയെയും ഷിപ്പിങ് മേഖലയെയും ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ഇറാനില്‍ ആഭ്യന്തര പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വരുമാന മാര്‍ഗമായി ടോള്‍ സമ്പ്രദായം നടപ്പിലാക്കിയിരിക്കുന്നത്.

അതേസമയം, മുന്നറിയിപ്പുകള്‍ ലംഘിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകള്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. ബോട്ടുകളില്‍ സൈനികര്‍ ഇരച്ചെത്തുന്നതും കപ്പലില്‍ കയറി നിയന്ത്രണമേറ്റെടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇറാന്‍ ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ, ഇറാന്റെ കപ്പല്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ യുഎസ് പുറത്തുവിട്ടിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ വെല്ലുവിളിച്ച് 34 ഇറാനിയന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചരക്ക് കപ്പല്‍ ഡാറ്റാ ട്രാക്കിങ് ഏജന്‍സിയായ വോര്‍ടെക്‌സയെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെടിനിര്‍ത്തല്‍ കാലയളവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നീട്ടിയെങ്കിലും ഹോര്‍മുസില്‍ സംഘര്‍ഷാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ആഗോള അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സ്തംഭിക്കുന്നത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് കാരണമാകും.

TAGS :

Next Story