Quantcast

ലെബനാൻ യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ യുഎസുമായി സമാധാന ചർച്ചയില്ല:ഇറാൻ

ഇറാൻ വിദേശകാര്യമന്ത്രിയുമായി പാക് വിദേശകാര്യമന്ത്രിയും പട്ടാള മേധാവിയും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-06-01 17:29:41

Published:

1 Jun 2026 10:46 PM IST

ലെബനാൻ യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ യുഎസുമായി സമാധാന ചർച്ചയില്ല:ഇറാൻ
X

തെഹ്റാൻ: ലെബനാൻ യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ സമാധാനചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇറാൻ. സമാധാന ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ ഉടൻതന്നെ ഹോർമുസ് കടലിടുക്ക് അടക്കുമന്നും മധ്യസ്ഥരിലൂടെയുള്ള സന്ദേശകൈമാറ്റം അവസാനിപ്പിക്കും ഇറാൻ അധികൃതരെ ഉദ്ദരിച്ച് തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഇറാൻ വിദേശകാര്യമന്ത്രിയുമായി പാക് വിദേശകാര്യമന്ത്രിയും പട്ടാള മേധാവിയും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

അതേസമയം, ചർച്ചകളിൽ നിന്ന് ഇറാൻ പിൻവാങ്ങുന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ചർച്ചയില്ലെങ്കിൽ ഇറാനിൽ ബോംബ് വർഷിപ്പിക്കുന്നതിന് പകരം ഉപരോധം കടുപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇറാനുമായുള്ള സമാധാനചർച്ചകൾ നിലക്കുന്നതോ എണ്ണവില ഉയരുന്നതോ തനിക്ക് പ്രശ്നമില്ലെന്നും ട്രംപ് പ്രതികരിച്ചു. ബെയ്റൂത്തിന് നേരെയുള്ള ആക്രമണപദ്ധതി ഉപേക്ഷിക്കാൻ ട്രംപ് നെതന്യാഹുവിനോട് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ലെബനാൻ വിഷയത്തിൽ ഇരുനേതാക്കളും സ്വീകരിക്കുന്ന തീരുമാനം പശ്ചിമേഷ്യൻ സമാധാനം പുനസ്ഥാപിക്കുന്നതിൽ നിർണായകമായിരിക്കും.

പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമ്പോഴും ലെബനാനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമണങ്ങളോട് ഇറാന് കടുത്ത എതിർപ്പാണുള്ളത്. ഇസ്രായേൽ ആക്രമണം യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന്‍റെ നഗ്നമായ ലംഘനമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമാധാനചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറാനൊരുങ്ങുന്നത്. യുഎസുമായുള്ള വെടിനിർത്തൽ കരാറുകളിൽ ലെബനാനും ഭാഗമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചിരുന്നു. ഇതിനെതിരായ ഏത് ലംഘനങ്ങളും കടുത്ത കുറ്റങ്ങളായി ചുമത്തുമെന്നും ശക്തമായി പ്രതികരിക്കുമെന്നും അരാഗ്ചി കുറിക്കുകയുണ്ടായി.

മേഖലയിൽ സംഘർഷം ശക്തമാകുന്നതിനിടെ ലെബനാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സൈനികർക്ക് നിർദേശം നൽകിയിരുന്നു.ഹിസ്ബുല്ല തീവ്ര വിഭാഗങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന വ്യാജേന നിരപരാധികളെയാണ് ഇസ്രായേൽ കൊന്നൊടുക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി.

നേരത്തെ, യുദ്ധമവസാനിപ്പിക്കാൻ അമേരിക്കക്കും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും താൽപര്യമില്ലെന്ന് ഇറാൻ വിമർശിച്ചിരുന്നു. നയതന്ത്ര പ്രശ്നപരിഹാരത്തോട് അമേരിക്കക്ക് പ്രതിബദ്ധതയില്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നതായി ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബാഫ് പ്രസ്താവിച്ചു. ലെബനാനിൽ തുടരുന്ന യുദ്ധവും നിരന്തരമായ വെടിനിർത്തൽ കരാർ ലംഘനവും അതിന്‍റെ തെളിവുകളാണെന്നും ഗാലിബാഫ് പറഞ്ഞു. അതേസമയം, യുഎസ് കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും അവർ വിലയൊടുക്കിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പൊതുശത്രുവിന്‍റെ വാക്കുകളെയും വാഗ്ദാനങ്ങളെയും ഇനിയും മുഖവിലക്കെടുക്കാനാവില്ല. പ്രകടമായ പ്രതികരണങ്ങൾ ഉറപ്പുതരാത്ത കരാറുകളിലേക്ക് പ്രവേശിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. യുദ്ധക്കളത്തിലെ ഇറാന്‍റെ നേട്ടങ്ങളെ നയതന്ത്രവേദിയിലും നിയമപരമായും രാഷ്ട്രീയപരമായും തുടരാനാണ് ആഗ്രഹം'. ഗാലിബാഫ് വ്യക്തമാക്കി. ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് ഇറാനെ തകർക്കാനുള്ള യുഎസ് നീക്കത്തെയും സ്പീക്കർ ഗാലിബാഫ് അപലപിച്ചു. ഇത്തരം നീചമായ നീക്കങ്ങളെ ഇറാൻ ജനത തിരിച്ചറിയുമെന്നും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധഭീതി ശാശ്വതമായി അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയും പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്തിരിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതായി ഐആർജിസി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ശത്രുതാപരമായ നീക്കങ്ങൾക്ക് മുതിർന്ന യുഎസ് സൈന്യത്തിന്‍റെ എംക്യൂ-1 ഡ്രോണാണ് തങ്ങൾ തകർത്തതെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story