Quantcast

ദീർഘകാല പോരാട്ടത്തിനൊരുങ്ങി ഇറാൻ; പ്രതിസന്ധി നീളുമോ? നീക്കങ്ങളിങ്ങനെ...

പെട്ടെന്നുള്ള തിരിച്ചടിക്കപ്പുറം, ശത്രുവിനെ തളർത്തുന്ന രീതിയിലുള്ള നീണ്ടുനിൽക്കുന്ന പോരാട്ടത്തിനാണ് ഇറാൻ പദ്ധതിയിടുന്നത്

MediaOne Logo
ദീർഘകാല പോരാട്ടത്തിനൊരുങ്ങി ഇറാൻ; പ്രതിസന്ധി നീളുമോ? നീക്കങ്ങളിങ്ങനെ...
X

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾ

തെഹ്റാന്‍: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകം ഉറ്റുനോക്കുന്നത് ഇറാന്റെ നിലപാടുകളിലേക്ക്. യുദ്ധത്തിൻ്റെ ദൈർഘ്യം നിശ്ചയിക്കുന്നത് തങ്ങളായിരിക്കുമെന്നും ഒരു ദീർഘകാല പോരാട്ടത്തിന് തങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഇറാൻ ഭരണകൂടം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള യുദ്ധഭൂമികൾക്ക് പുറമെ പുതിയ പോർമുഖങ്ങൾ തുറക്കപ്പെടുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്.

പെട്ടെന്നുള്ള തിരിച്ചടിക്കപ്പുറം, ശത്രുവിനെ തളർത്തുന്ന രീതിയിലുള്ള നീണ്ടുനിൽക്കുന്ന പോരാട്ടത്തിനാണ് ഇറാൻ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വൻതോതിലുള്ള സൈനിക തയ്യാറെടുപ്പുകൾ പൂർത്തിയായതായും പറയപ്പെടുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിൻ്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിനെ തങ്ങളുടെ തന്ത്രപ്രധാന ആസ്തിയായാണ് ഇറാൻ ഉപയോഗിക്കുന്നത്. ഈ പാത പൂര്‍ണമായും തടസ്സപ്പെട്ടാൽ ആഗോള സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ കണക്കുകൂട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ഉടമ്പടികൾക്കോ നയതന്ത്ര ചർച്ചകൾക്കോ ഇപ്പോൾ താല്പര്യമില്ലെന്നാണ് ഇറാൻ്റെ നിലപാട്. നേരത്തെ സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത്. അതിനാല്‍ തന്നെ ഇറാന്‍, അമേരിക്കയെ ഒരു കാരണവശാലും വിശ്വസിക്കുന്നില്ല. അമേരിക്കയുടെ നയതന്ത്ര ചര്‍ച്ചകളെയൊക്കെ ഇപ്പോഴും ആരെങ്കിലും കാര്യത്തിലെടുക്കുമോ എന്ന് അടുത്തിടെ ഇറാന്‍ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

യുദ്ധം എപ്പോൾ തുടങ്ങണമെന്നും എപ്പോൾ അവസാനിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ട്. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ്റെ പ്രതിരോധ നിര തയ്യാറാണെന്ന് ഇറാൻ സൈനിക വക്താവും വ്യക്തമാക്കിയിരുന്നു. അതേസമയം ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് ഇറാൻ്റെ ഈ പ്രസ്താവനകളെ നോക്കിക്കാണുന്നത്. ഇതിനിടെ സമാധാന ശ്രമങ്ങളുമായി ട്രംപ് സജീവമായി തന്നെ രംഗത്തുണ്ട്.

TAGS :

Next Story