Quantcast

'വീണ്ടുമൊരു ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി'; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ്

ഇസ്രായേൽ എന്ന രാജ്യം പൂർണ്ണമായും വേരോടെ പിഴുതെറിയപ്പെടുമെന്ന് പരമോന്നത നേതാവ് ഖാംനഈയും വ്യക്തമാക്കിയിരുന്നു

MediaOne Logo

റിഷാദ് അലി

  • Updated:

    2026-05-26 15:43:04.0

Published:

26 May 2026 9:12 PM IST

വീണ്ടുമൊരു ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ്
X

തെഹ്റാന്‍: തങ്ങൾക്കെതിരെ വീണ്ടും വ്യോമാക്രമണമുണ്ടായാൽ അമേരിക്കയ്ക്കും ഇസ്രായേലിനും മുൻപത്തേക്കാൾ ശക്തവും കഠിനവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. സായുധ സേനയുടെ മുതിർന്ന വക്താവ് അബുല്‍ ഫസൽ ഷെകാർച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേഖല മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ, ഇറാന്റെ പ്രതികരണം പ്രാദേശിക അതിർത്തികൾക്ക് അപ്പുറത്തേക്ക് നീളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ലാരാക് ദ്വീപിന് തെക്ക് ഭാഗത്തായി ഇറാന്റെ കപ്പലുകൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത പ്രതികരണം. ആക്രമണത്തിൽ നിരവധി ഇറാൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

വിശുദ്ധ ഹജ്ജ് കർമ്മത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിൽ ഇസ്രായേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയും രംഗത്ത് എത്തിയിരുന്നു. ഇസ്രായേൽ എന്ന രാജ്യം തീർച്ചയായും വേരോടെ പിഴുതെറിയപ്പെടേണ്ടതാണെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം ആണ് മുജ്തബ ഖാംനഈയുടെ പ്രസ്താവന പുറത്തുവിട്ടത്.

ഫെബ്രുവരി 28ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഇറാനും ശക്തമായ തിരിച്ചടി നൽകിയിരുന്നു. നിലവിൽ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ ആക്രമണങ്ങളും ഇറാൻ വക്താവിന്റെ മുന്നറിയിപ്പും ഉണ്ടായിരിക്കുന്നത്.

TAGS :

Next Story