Quantcast

'ആവശ്യമുള്ള രാജ്യങ്ങൾക്കെല്ലാം എണ്ണ നൽകാൻ തയ്യാർ; ഇന്ത്യയോട് ഇറാന്‍

ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളർ കടന്നതിന് പിന്നാലെയാണ് അംബാസഡറുടെ പ്രതികരണം

MediaOne Logo
ആവശ്യമുള്ള രാജ്യങ്ങൾക്കെല്ലാം എണ്ണ നൽകാൻ തയ്യാർ; ഇന്ത്യയോട് ഇറാന്‍
X

ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി  Image-Reuters

ന്യൂഡൽഹി: ഇറാനിൽ ആവശ്യത്തിന് എണ്ണയുണ്ടെന്നും അത് വാങ്ങാൻ തയ്യാറുള്ള ഏത് രാജ്യത്തിനും നൽകാൻ തങ്ങൾ സജ്ജമാണെന്നും ഇന്ത്യയിലെ ഇറാൻ അബാസഡര്‍ ഡോ. മുഹമ്മദ് ഫത്താലി. പാകിസ്താനില്‍ അമേരിക്കയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇറാന്‍ സ്ഥാനപതിയുടെ പ്രതികരണം. സംഘർഷ സാഹചര്യത്തിൽ വിശ്വസനീയ പങ്കാളിയായതിൽ അംബാസിഡര്‍ ഇന്ത്യക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു.

ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളർ കടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെറുമൊരു കച്ചവട വാഗ്ദാനം എന്നതിലുപരി, നിലവിലെ സങ്കീർണ്ണമായ ലോകസാഹചര്യത്തിൽ ഇറാൻ നൽകുന്ന ശക്തമായ രാഷ്ട്രീയ സൂചന കൂടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

2019ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചത്. മുൻപ് ഇറാന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായിരുന്നു ഇന്ത്യ. അതേസമയം ഇറാൻ ബന്ധമുള്ള കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങുകയാണ് യുഎസ്. ഇന്ന് ഹോർമുസ് കടലിടുക്കിൽ ഉപരോധം (ഇന്ത്യൻ സമയം വൈകീട്ട് 7.30ന്) ആരംഭിക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം ഇറാൻ തുറമുഖങ്ങളെ തൊട്ടാൽ, പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലുമുള്ള ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ തിരിച്ചടിച്ചു.

ഇതിനിടെ ഹോർമുസ് ഉപരോധിക്കാനുള്ള അമേരിക്കന്‍ നീക്കത്തൊപ്പം പങ്ക് ചേരില്ലെന്ന് നാറ്റോ സഖ്യരാജ്യങ്ങൾ വ്യക്തമാക്കി. ഇറാൻ യുദ്ധത്തെ എതിർത്ത മാർപാപ്പക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തുവന്നു. ട്രംപിനെ പേടിയില്ലെന്നും സത്യം തുറന്നുപറയുമെന്നുമായിരുന്നു വിമര്‍ശനത്തിനുള്ള മാർപാപ്പയുടെ മറുപടി.

TAGS :

Next Story