Quantcast

ട്രംപിന്റെ ഭീഷണിക്കിടെ ഒമാന്‍ കടലില്‍ ഇറാൻ-റഷ്യ സംയുക്ത നാവിക അഭ്യാസം

ചൊവ്വാഴ്ച മാത്രം അമ്പതിലധികം യു.എസ് യുദ്ധവിമാനങ്ങൾ ഇറാനിലേക്ക് നീങ്ങിയതായി അമേരിക്കൻ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട്​ ചെയ്തിരുന്നു.

MediaOne Logo

റിഷാദ് അലി

  • Updated:

    2026-02-19 06:31:36.0

Published:

19 Feb 2026 12:00 PM IST

ട്രംപിന്റെ ഭീഷണിക്കിടെ ഒമാന്‍ കടലില്‍ ഇറാൻ-റഷ്യ സംയുക്ത നാവിക അഭ്യാസം
X

തെഹ്റാന്‍: അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേയും ഭീഷണികൾ നിലനിൽക്കുന്നതിനിടെ ഒമാൻ കടലിൽ സംയുക്ത നാവിക അഭ്യാസത്തിനൊരുങ്ങി റഷ്യയും ഇറാനും.

ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏറ്റവും പുതിയ ചർച്ചകൾക്ക് പിന്നാലെയാണ് റഷ്യയെ കൂട്ടിയുള്ള ഇറാന്റെ നീക്കം. മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു.

ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ സമുദ്രത്തിലുമായി ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം നാളെ (വ്യാഴാഴ്ച) നടക്കുമെന്നാണ് ഡ്രിൽ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മക്സൂദ്‌ലൂവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത് എന്നാണ് ഹസ്സൻ മക്സൂദ്‌ലൂ വ്യക്തമാക്കുന്നത്. അതേസമയം അഭ്യാസപ്രകടനം എത്ര സമയത്തേക്കാണെന്ന് വ്യക്തമാക്കുന്നില്ല.

ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി ഇറാനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് സൈനിക വിന്യാസം ശക്തമാക്കിയിരുന്നത്. ജനീവ ചർച്ചയുടെ പുരോഗതിക്കിടയിലും മേഖലയിൽ സൈനിക വിന്യാസം അമേരിക്ക തുടര്‍ന്നു. ചൊവ്വാഴ്ച മാത്രം അമ്പതിലധികം യുഎസ് യുദ്ധവിമാനങ്ങൾ ഇറാനിലേക്ക് നീങ്ങിയതായി അമേരിക്കൻ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട്​ ചെയ്തിരുന്നു.

അതേസമയം രണ്ടാഴ്ച്ചക്കുള്ളിൽ പുതിയ നിർദേശങ്ങളുമായി അനുനയ ചർച്ചക്ക് തയ്യാറാണെന്ന് ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അരാഗ്ചി അറിയിച്ചിരുന്നു. ഉപരോധം പിൻവലിക്കുകയും സാമ്പത്തിക ഇളവുകൾ അനുവദിക്കുകയും ചെയ്താൽ യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കാൻ ഇറാൻ തയാറാകുമെന്ന്​ റിപ്പോർട്ടുണ്ട്​. എന്നാൽ ഇതുകൊണ്ട് മാത്രം ട്രംപ്​ തൃപ്തനാകില്ലെന്നാണ്​ യുഎസ്​ സ്റ്റേറ്റ്​ വകുപ്പ്​ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്​.

കരാറിന്​ ഇറാൻ സന്നദ്ധമായില്ലെങ്കിൽ ഡീഗോ ഗർസിയ ദ്വീപിലെ വ്യോമതാവളം ഉപയോഗിച്ച്​ ​തെഹ്​റാനിലെ അപകടകാരിയായ ഭരണകൂടത്തിനെതിരെ സൈനിക നടപടി ഉണ്ടാകുമെന്നാണ്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകുന്നത്.

TAGS :

Next Story