മസ്‌കത്തിലെ ചർച്ചകൾ പോസിറ്റീവെന്ന് ഇറാനും യുഎസും: മധ്യസ്ഥശ്രമങ്ങള്‍ക്കിടെ 2025ല്‍ യുഎസ് അക്രമിച്ചത് ഓര്‍മിപ്പിച്ച് അബ്ബാസ് അരാഗ്ച്ചി
ആണവ പരിപാടിയുമായി ബന്ധപ്പെട്ട് കരാറിൽ ഇറാന്‍ ഏർപ്പെട്ടില്ലെങ്കിൽ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്

- Published:
7 Feb 2026 11:06 AM IST

തെഹ്റാന്‍: അമേരിക്കയുമായി ഒമാന്റെ മധ്യസ്ഥതയില്‍ നടത്തിയ ഏറ്റവും പുതിയ ചർച്ചകൾ പോസിറ്റീവാണെന്ന് ഇറാന്‍. നല്ല തുടക്കമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. തുടർന്നുള്ള ഘട്ടങ്ങളുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തിൽ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
അടുത്ത ആഴ്ച ആദ്യം തന്നെ കൂടുതൽ ചർച്ചകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ തന്റെ പതിവ് ഭീഷണിപ്പെടുത്തല്‍ ട്രംപ് തുടരുകയും ചെയ്തു. ആണവ പരിപാടിയുമായി ബന്ധപ്പെട്ട് കരാറിൽ ഇറാന്‍ ഏർപ്പെട്ടില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ കഠിനമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അതേസമയം യുഎസിനെ അവിശ്വസിക്കേണ്ടതായൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് അരാഗ്‌ചി സൂചിപ്പിച്ചു. നേരത്തെ(2025ല്‍) ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഇറാനെ ആക്രമിച്ച അമേരിക്കയുടെ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു അരാഗ്ച്ചിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിൽ അമേരിക്കൻ സൈന്യം പങ്കുചേരുകയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതുപോലെ മധ്യസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു അന്നത്തെ അമേരിക്കയുടെ ആക്രമണം.
മസ്‌കത്തില്‍ നടന്ന പരോക്ഷ ചർച്ചകളിൽ ഇറാൻ സംഘത്തെ നയിക്കുന്നത് അരാഗ്‌ചിയാണ്. അതേസമയം വാഷിംഗ്ടൺ തങ്ങളുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറെയുമാണ് അയച്ചിരിക്കുന്നത്. മേഖലയിലെ ഏറ്റവും മുതിർന്ന കമാൻഡറായ യുഎസ് സെൻട്രൽ കമാൻഡ് ചീഫ് ബ്രാഡ് കൂപ്പറും യുഎസ് പ്രതിനിധി സംഘത്തിനൊപ്പമുണ്ട്.
യുഎൻ സക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസും ഗൾഫ് ഉൾപ്പെടെ ലോകരാജ്യങ്ങളും മസ്കത്തിൽ നടന്ന ഇറാൻ-യു.എസ് ചർച്ചയെ സ്വാഗതം ചെയ്തു. അതിനിടെ മേഖലയിൽ യുഎസ് സൈനിക വിന്യാസം തുടരുകയാണ്. യുഎസ് വിമാന വാഹിനി കപ്പലായ അബ്രഹാം ലിങ്കൺ, ഇന്നലെ അറേബ്യൻ സമുദ്രത്തിലൂടെ സഞ്ചരിച്ചു. ഇറാൻ എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട് 15 സ്ഥാപനങ്ങൾക്കും 14 എണ്ണ ടാങ്കർ ഉടമകൾക്കും യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി.
Adjust Story Font
16
