'ദീര്‍ഘകാല യുദ്ധം ട്രംപിന്റെ മനസിലില്ല, എന്നാല്‍ ലക്ഷ്യത്തിലെത്തും വരെ പ്രവര്‍ത്തിക്കും'; ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചന നല്‍കി വാന്‍സും
ജെ.ഡി വാന്‍സും ഇറാന്‍ സുരക്ഷ മേധാവി മുഹ്‌സിന്‍ റിസായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും

തെഹ്‌റാന്‍: ഇറാന് മേല്‍ ആക്രമണം പുനരാരംഭിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനിടെ നയതന്ത്ര പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി ഖത്തര്‍, സൗദി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്‍ സുരക്ഷ മേധാവി മുഹ്‌സിന്‍ റിസായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്രംപ് ദീര്‍ഘകാല യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ജെഡി വാന്‍സ് പറഞ്ഞു. എന്നാല്‍ ലക്ഷ്യം കൈവരിക്കുന്നത് വരെ വാഷിങ്ടണ്‍ പ്രവര്‍ത്തനം തുടരും. ലക്ഷ്യങ്ങള്‍ കൈവരിച്ചതിന് ശേഷം യുഎസ് ഭരണകൂടം മറ്റ് ആഭ്യന്തര കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുമെന്നും ജെ.ഡി വാന്‍സ് പറഞ്ഞു.
അതേസമയം യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനില്‍ പുനരാരംഭിക്കാനിരിക്കുന്ന സൈനിക നീക്കത്തെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇത് നിയമവാഴ്ചയോടുള്ള അമേരിക്കയുടെ പ്രതിബന്ധത ഇല്ലാതാക്കുമെന്നും യുഎസ് സെനറ്റര്‍ ക്രിസ് മര്‍ഫി പറയുന്നു.
മധ്യസ്ഥ രാജ്യങ്ങള്‍ക്ക് മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍ യുഎസ് അംഗീകരിക്കാതെ ഹോര്‍മുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. നിലവില്‍, ഹോര്‍മുസിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. കടല്‍മൈനുകളില്‍ തട്ടി നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി ഇറാന്‍ നാവികസേന അറിയിച്ചു.
അനധികൃത പാതയിലൂടെ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ തടഞ്ഞതായി ഐആര്‍ജിസിയും വ്യക്തമാക്കി. ഇതിനിടെ, ഒമാനിലെ മുസന്ദം തീരത്തിന് സമീപം ആക്രമണത്തിനിരയായ കപ്പലിലെ 25 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാന്‍ നാവികസേന അറിയിച്ചു.
ഇതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 2.4 ശതമാനം ഉയര്‍ന്ന് 117 ഡോളര്‍ പിന്നിട്ടു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 2.1 ശതമാനം ഉയര്‍ന്ന് 104.12 ഡോളറിലെത്തി. ഫെബ്രുവരി 28ന് അമേരിക്ക ഇറാനെതിരെ യുദ്ധമാരംഭിച്ചത് മുതല്‍, ഹോര്‍മുസ് മേഖലയില്‍ 144 ആക്രമണങ്ങള്‍ നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16

