ഇറാനെതിരായ ട്രംപിന്റെ അന്ത്യശാസനം; പേർഷ്യൻ ഗൾഫിൽ മൈനുകൾ വിതറുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കാൻ ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കുകയാണ്

- Published:
23 March 2026 2:45 PM IST

തെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍.
ഇറാന്റെ തീരങ്ങളോ ദ്വീപുകളോ ആക്രമിക്കാൻ ശ്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ എല്ലാ പാതകളിലും മൈനുകൾ വിതറുമെന്ന് ഇറാന്റെ നാഷണൽ ഡിഫൻസ് കൗൺസിൽ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കാൻ ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വീഴ്ച വരുത്തിയാൽ ഇറാന്റെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ളവ ബോംബിട്ട് നശിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തീരത്തുനിന്ന് 24 കിലോമീറ്റർ അകലെയുള്ള ഈ തന്ത്രപ്രധാന ദ്വീപ് പിടിച്ചെടുത്ത് ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കുകയാണ് ലക്ഷ്യം. അതേസമയം കടൽ മാർഗമുള്ള ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫ് പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നാണ് ഇറാന്റെ നിലപാട്. യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത രാജ്യങ്ങൾക്ക് തങ്ങളുമായി സഹകരിച്ച് മാത്രമേ ഇനി ഈ വഴി കടന്നുപോകാൻ സാധിക്കൂ എന്നും ഇറാൻ വ്യക്തമാക്കുന്നു.
സംഘർഷം കടുക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. 1970-കളിലെ എണ്ണ പ്രതിസന്ധിയേക്കാൾ രൂക്ഷമായ സാഹചര്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നത്.
Adjust Story Font
16
