'ഇനി ആക്രമിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തും'; മുന്നറിയിപ്പുമായി ഇറാൻ
നിലവിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാമിലധികം യുറേനിയം ഇറാന്റെ പക്കലുണ്ട്

- Published:
12 May 2026 3:56 PM IST

തെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ, തങ്ങൾ വീണ്ടും ആക്രമിക്കപ്പെട്ടാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ പാർലമെന്ററി നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവായ ഇബ്രാഹിം റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾക്കെതിരെ ഇനിയൊരു ആക്രമണം ഉണ്ടായാൽ 90 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കുക എന്നത് ഇറാന്റെ പരിഗണനയിലുള്ള പ്രധാന ഓപ്ഷനുകളിൽ ഒന്നാണെന്നും ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
ഇറാന്റെ ആണവപദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് അവർ അവകാശപ്പെടുന്നതെങ്കിലും, നിലവിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാമിലധികം യുറേനിയം കൈമാറാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. സാങ്കേതികമായി പരിശോധിച്ചാൽ 60 ശതമാനത്തിൽ നിന്ന് ആയുധങ്ങൾ നിർമിക്കാൻ ആവശ്യമായ 90 ശതമാനത്തിലേക്ക് എത്തുക എന്നത് വളരെ ചെറിയൊരു പടിയാണ്. ഇറാൻ ഒരു ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് താൻ ആരംഭിച്ച യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് വീണ്ടും യുദ്ധം ആരംഭിച്ചേക്കാമെന്ന സൂചനകൾക്കിടെയാണ് ഇറാന്റെ പ്രതികരണം.
അതേസമയം, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഇറാന്റെ പക്കൽ ഇപ്പോഴും ആണവ വസ്തുക്കൾ ഉണ്ടെന്നും അവ അവിടെ നിന്ന് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം സിബിഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർക്കേണ്ടതുണ്ടെന്നും, അവ എങ്ങനെ നീക്കം ചെയ്യണമെന്ന ചോദ്യത്തിന് 'അവിടെ ചെന്ന് അത് പുറത്തെടുക്കുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മേഖലയിൽ യുദ്ധം അവസാനിച്ചിട്ടില്ലെന്ന ശക്തമായ സൂചനയാണ് നെതന്യാഹു നൽകുന്നത്.
Adjust Story Font
16
