Quantcast

ഹോര്‍മുസിൻ്റെ നിയന്ത്രണം കൈവിടില്ലെന്ന് ഇറാന്‍; ഒമാന് മുന്നറിയിപ്പുമായി യുഎസ്

യുഎന്‍ സെക്രട്ടറി ജനറലുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഇസ്രായേല്‍

MediaOne Logo

Web Desk

  • Published:

    28 May 2026 10:10 PM IST

Iran will not give up control of Hormuz
X

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം കൈവിടില്ലെന്ന് ഇറാന്‍. ഇറാന്റെ നടപടി നിയമപരവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതവുമെന്ന് യുഎന്നിലെ ഇറാന്‍ സ്ഥാനപതി അമീര്‍ സെയ്ദ് ഇറാവനി പറഞ്ഞു. പശ്ചിമേഷ്യയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെയാണ് ഹോര്‍മുസില്‍ പിന്നോട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ, ഒമാന് മുന്നറിയിപ്പുമായി യുഎസ് ട്രഷറി വകുപ്പ് രംഗത്തെത്തി. ഹോര്‍മുസില്‍ ചുങ്കം ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കരുത്. ചുങ്കം ഏര്‍പ്പെടുത്തുന്നതിനെ സഹായിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായുള്ള ബന്ധം വിച്ഛേദിച്ചതായി യുഎന്നിലെ ഇസ്രായേല്‍ സ്ഥാനപതി ഡാനി ഡാനോണ്‍ പറഞ്ഞു. സംഘര്‍ഷ മേഖലയില്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇസ്രയേലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നടപടിയാണ് പ്രകോപനമായത്. ലൈംഗികാതിക്രമം യുദ്ധ ആയുധമായി ഇസ്രായേല്‍ ഉപയോഗിക്കുന്നതായും യുഎന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേലിനെതിരെ യുഎന്‍ നിരന്തരം കള്ളം പ്രചരിപ്പിക്കുന്നതായാണ് ഡാനി ഡാനോണ്‍ ആരോപിച്ചത്.

അതേസമയം, യുഎസിനും ഇറാനുമിടയില്‍ വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഏകദേശ ധാരണയായെന്നും ഇതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ നീട്ടാനും ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരാനുമാണ് ധാരണാപത്രം തയ്യാറായത്.

TAGS :

Next Story