അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല, ലഭിച്ചത് കയ്പേറിയ അനുഭവങ്ങൾ: ഇറാൻ
യുദ്ധം തുടങ്ങിയതും അത് തുടരുന്നതും അമേരിക്കയാണ്, പിന്നെങ്ങനെ അവരുടെ വാക്കുകൾ വിശ്വസിക്കുമെന്നും ഇറാൻ

- Published:
25 March 2026 2:31 PM IST

തെഹ്‌റാൻ: അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ.
യുഎസുമായി യാതൊരുവിധ ചർച്ചകളും നിലവിൽ നടക്കുന്നില്ലെന്നും ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ നയതന്ത്രത്തിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്നത് കയ്പേറിയ അനുഭവങ്ങളാണെന്ന് ബഗായ് പറഞ്ഞു. ആണവ പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഒമ്പത് മാസത്തിനിടെ രണ്ട് തവണയാണ് ഇറാൻ ആക്രമിക്കപ്പെട്ടത്. ഇത് നയതന്ത്രത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം തുടരുമെന്നും വക്താവ് വ്യക്തമാക്കി.
നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന അമേരിക്കയുടെ വാദം വിരോധാഭാസമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാനെതിരെ നിരന്തരം മിസൈൽ ആക്രമണങ്ങളും ബോംബാക്രമണങ്ങളും നടത്തുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ബഗായ് ചൂണ്ടിക്കാട്ടി. "യുദ്ധം തുടങ്ങിയതും അത് തുടരുന്നതും അവരാണ്, പിന്നെങ്ങനെ അവരുടെ വാക്കുകൾ വിശ്വസിക്കും?" - അദ്ദേഹം ചോദിച്ചു.
അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ അന്തിമഘട്ടത്തിലെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തി. യുദ്ധം ഇതിനകം തന്നെ ജയിച്ചുവെന്നും ഭരണമാറ്റമെന്ന ലക്ഷ്യം കൈവരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം കനത്ത തിരിച്ചടിയാണ് ഇസ്രായേലിന് ഇറാന്‍ കൊടുക്കുന്നത്. വിവിധ പ്രദേശങ്ങളിലായി ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെൽ അവീവ്, ഏലിയാത്ത്, വടക്കൻ ഇസ്രായേൽ മേഖലകളിലാണ് ആക്രമണം.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുന്നതായി ഇസ്രായേൽ തന്നെ അറിയിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞു.
Adjust Story Font
16
