ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ വർഷം: തിരിച്ചടി, സൈനിക ശക്തി തകർത്തെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ
ട്രംപിന്റെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിലാണ് ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

- Updated:
2026-04-02 04:27:51.0

ഇറാനിയൻ സൈന്യം പുറത്തുവിട്ട ചിത്രം ( Representative Image)
തെൽ അവീവ്: ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം.
ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ വിക്ഷേപണങ്ങൾ ഉണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതേസമയം ഇറാനിൽ നിന്നുള്ള മിസൈലുകൾ തടയാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും പ്രത്യാക്രമണത്തിനുള്ള നടപടികൾ ആരംഭിച്ചതായും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
"ഭീഷണികളെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്"- പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാന്റെ സൈനിക ശക്തി തകർന്നുവെന്ന ട്രംപിന്റെ വാക്കുകൾ പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത് എന്നതാണ് ശ്രദ്ധേയം. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് തന്റെ 19 മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ച് വെറും 15 മിനിറ്റിനുള്ളിലാണ് ഇറാന്റെ തിരിച്ചടി ഉണ്ടായത്. ഇറാൻ്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ ശാലകളും തകർത്തെന്നും യുദ്ധം ലക്ഷ്യത്തിലേക്ക് എത്തിയെന്നും ട്രംപ് പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ പ്രസ്താവനകളെ വെല്ലുവിളിക്കുന്നതാണ് ഇറാന്റെ പുതിയ നീക്കം.
മിസൈൽ മുന്നറിയിപ്പിനെത്തുടർന്ന് ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഐഡിഎഫ് നിർദ്ദേശിച്ചു. പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു.
Adjust Story Font
16
