Quantcast

'അവിവേകം കാണിച്ചാൽ അപകടം, ഉടന്‍ മടങ്ങിയില്ലെങ്കില്‍ ലക്ഷ്യംവെക്കും'; ഹോര്‍മുസിലെ യുഎസ് കപ്പലുകള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ

വെനസ്വേലക്ക് സംഭവിച്ചത് തന്നെയായിരിക്കും ഇറാന് സംഭവിക്കുകയെന്നാണ് ട്രംപിന്‍റെ ഭീഷണി

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-12 15:54:07.0

Published:

12 April 2026 9:20 PM IST

അവിവേകം കാണിച്ചാൽ അപകടം, ഉടന്‍ മടങ്ങിയില്ലെങ്കില്‍ ലക്ഷ്യംവെക്കും; ഹോര്‍മുസിലെ യുഎസ് കപ്പലുകള്‍ക്ക് മുന്നറിയിപ്പുമായി  ഇറാൻ
X

തെഹ്‌റാന്‍: ഹോര്‍മുസ് ഉപരോധത്തിനെത്തിയ യുഎസ് കപ്പലുകള്‍ക്ക് നിർണായക മുന്നറിയിപ്പുമായി ഇറാന്‍. ഹോര്‍മുസില്‍ നിന്ന് യുഎസ് കപ്പലുകള്‍ മടങ്ങിയില്ലെങ്കില്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് ഐആര്‍ജിസി അറിയിച്ചു. അവിവേകം പ്രവര്‍ത്തിച്ചാല്‍ ശത്രു കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കെത്തുമെന്നും എത്രയും വേഗം മടങ്ങണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഉപരോധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ യുഎസ് നാവികസേന സഹായിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഐആര്‍ജിസി മുന്നറിയിപ്പ്.

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പാക് പതാക വഹിച്ച രണ്ട് എണ്ണ കപ്പലുകള്‍ ഹോര്‍മുസില്‍ കടക്കാതെ മടങ്ങിയെന്ന് ഐആര്‍ജിസിയെ ഉദ്ദരിച്ച് ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തങ്ങളുടെ നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും ഐആര്‍ജിസി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കാന്‍ യുഎസ് നാവികസേന വഴിയൊരുക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തി ഇറാന്‍ ലോകരാജ്യങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും അത്തരം തിട്ടൂരങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്ക കീഴടങ്ങില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് തുക കൈമാറി ഹോര്‍മുസ് കടക്കുന്ന കപ്പലുകളുടെ വിവരം ശേഖരിക്കാന്‍ നാവികസേനക്ക് ട്രംപ് നിര്‍ദേശം നല്‍കി. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇസ്ലാമാബാദ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജെ.ഡി വാന്‍സും സംഘവും പങ്കുവെച്ചതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. പല കാര്യങ്ങളിലും ധാരണയിലെത്താന്‍ സാധിച്ചെങ്കിലും സുപ്രധാന ആണവ വിഷയങ്ങളില്‍ യോജിപ്പില്‍ എത്താന്‍ സാധിച്ചിക്കാത്തതിനാലാണ് ചര്‍ച്ച പരാജയമായതെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനെതിരായ സൈനികനീക്കത്തിന് എത്രയും വേഗം തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ ആര്‍മി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ലെബനാനില്‍ കനത്ത ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇറാന്‍ യുദ്ധം പുനരാരംഭിക്കാനുള്ള ഇസ്രായേല്‍ നീക്കം.

TAGS :

Next Story