സൊഹ്‌റാൻ മംദാനി ഒരു കമ്യുണിസ്റ്റാണോ?
'കമ്യൂണിസ്റ്റ്' മേയർ ഭരിക്കുന്ന ന്യൂയോർക്കിലേക്കുള്ള ഫെഡറൽ ധനസഹായം നിയമപരമായി തടയാൻ ട്രംപിന് കഴിയുമോ?

ന്യൂയോർക്: സൊഹ്‌റാൻ മംദാനിയും ന്യൂയോർക് മുൻ ഗവർണർ ആൻഡ്രൂ ക്വോമോയും തമ്മിലായിരുന്നു ന്യൂയോർക് മേയർ സ്ഥാനത്തേക്ക് ഔദ്യോഗിക മത്സരമെങ്കിലും ഇരുവരുടെയും തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ ഒരു നിഴൽ സാന്നിധ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമുണ്ടായിരുന്നു. മംദാനി ഒരു 'കമ്യൂണിസ്റ്റ് ഭ്രാന്തൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാത്രമല്ല കമ്യൂണിസ്റ്റായ മംദാനിയെ വിജയിപ്പിച്ചാൽ യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലേക്കുള്ള ധനസഹായം വെട്ടിക്കുറക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപും മറ്റ് യുഎസ് റിപ്പബ്ലിക്കൻമാരും മംദാനിയെ ആവർത്തിച്ച് കമ്യൂണിസ്റ്റ് എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ മംദാനി സ്വയം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് എന്നാണ് പരിചയപ്പെടുത്തുന്നത്. ജൂണിൽ എൻബിസിയുടെ മീറ്റ് ദി പ്രസ്സിൽ അദേഹം ഒരു കമ്യുണിസ്റ്റാണോ എന്ന് ചോദിച്ചപ്പോൾ 'ഞാൻ അല്ല!' എന്നാണ് മംദാനി പ്രതികരിച്ചത്. എതിരാളിയായ ക്വോമോ പോലും മംദാനിയെ സോഷ്യലിസ്റ്റായാണ് കണക്കാക്കുന്നത്. 'മംദാനി ഒരു കമ്യുണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്. പക്ഷേ നമുക്ക് ഒരു സോഷ്യലിസ്റ്റ് മേയറെയും ആവശ്യമില്ല.' ക്വോമോ പറഞ്ഞു.
'കമ്യൂണിസ്റ്റായ' സൊഹ്‌റാൻ മംദാനി മേയറായാൽ ന്യൂയോർക് നഗരത്തിനുള്ള ധനസഹായം വെട്ടിക്കുറക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയാണ് ഇപ്പോൾ ചർച്ചയാവുന്നത് 'ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വിജയിച്ചാൽ എന്റെ പ്രിയപ്പെട്ട ആദ്യ ഭവനത്തിലേക്ക് ഫെഡറൽ ഫണ്ടുകൾ, ആവശ്യമുള്ള ഏറ്റവും കുറഞ്ഞ തുക ഒഴികെ, സംഭാവന ചെയ്യാൻ ഞാൻ തയ്യാറാവില്ല. കാരണം, ഒരു കമ്യൂണിസ്റ്റ് എന്ന നിലക്ക് മഹത്തായ ഈ നഗരത്തിന് വിജയിക്കാനോ അതിജീവിക്കാനോ പോലും സാധ്യതയില്ല!' തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് എഴുതി. എന്നാൽ മംദാനിയുടെ വിജയത്തിന് ശേഷം ട്രംപിന് ആ ഭീഷണി പാലിക്കാൻ കഴിയുമോ?
ഈ വർഷം ഏപ്രിലിൽ പ്രസിദ്ധീകരിച്ച ന്യൂയോർക്ക് സ്റ്റേറ്റ് കൺട്രോളർ റിപ്പോർട്ട് പ്രകാരം 2026 സാമ്പത്തിക വർഷത്തേക്ക് നഗരത്തിന് 7.4 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് ആവശ്യമായി വരും. അമേരിക്കൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ഫെഡറൽ ഫണ്ടുകൾ എങ്ങനെ അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണ്. യുഎസ് ഭരണഘടനയുടെ സെക്ഷൻ 8ലെ ആർട്ടിക്കിൾ I പ്രകാരം കോൺഗ്രസിന് നികുതി പിരിക്കാനും ദേശീയ ആവശ്യങ്ങൾക്കായി പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനും കഴിയും.
Adjust Story Font
16

