ഗസ്സയിൽ ക്രിമിനൽ സംഘങ്ങൾക്ക് രൂപം നൽകിയതായി സമ്മതിച്ച് ഇസ്രായേൽ; പണവും ആയുധങ്ങളും സംഘങ്ങൾക്ക് കൈമാറി
കിഴക്കൻ റഫ കേന്ദ്രീകരിച്ചാണ് സായുധ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനമെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ വെളിപ്പെടുത്തി

ഗസ്സ സിറ്റി:ഗസ്സയിൽ പണവും ആയുധങ്ങളും നൽകി ക്രിമിനൽ സംഘങ്ങൾക്ക് രൂപം നൽകിയതായി സമ്മതിച്ച് ഇസ്രായേൽ. കിഴക്കൻ റഫ കേന്ദ്രീകരിച്ചാണ് സായുധ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനമെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ വെളിപ്പെടുത്തി.
പണവും ആയുധങ്ങളും സംഘങ്ങൾക്ക് കൈമാറാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെയാണ് സൈന്യത്തിന് നിദേശം നൽകിയതെന്നും ലീബർമാൻ പറഞ്ഞു. ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള യാസിർ അബൂ ശബാബ് വഴിയാണ് ക്രിമിനൽ സംഘങ്ങൾക്ക് ആയുധങ്ങൾ കൈമാറിയത്.
ഹമാസിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഭാവിയിൽ ക്രിമിനൽ സംഘങ്ങളുടെ വളർച്ച ഇസ്രായേലിന് തന്നെ തിരിച്ചടിയായേക്കുമെന്ന് ലീബർമാൻ പറഞ്ഞു.
20 മാസങ്ങൾ പിന്നിട്ടിട്ടും ഫലസ്തീൻ ചെറുത്തുനിൽപ്പിനെ അമർച്ച ചെയ്യാൻ കഴിയാത്ത ഇസ്രായേലിൻറെ നിസ്സഹായതയാണ് ഇത്തരം നടപടികളിലൂടെ പ്രകടമാകുന്നതെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സയിലെ ഇസ്രായേൽ അനുകൂല സായുധ സംഘത്തെ കുറിച്ചുള്ള വാർത്ത ശരിവെച്ച പ്രധാനമന്ത്രി നെതന്യാഹു, ഇത് വിവാദമാക്കിയവർ ഹമാസിനെ തുണക്കുന്നവരാണെന്നും കുറ്റപ്പെടുത്തി.
അതിനിടെ, ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു. എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം യു എസ് വീറ്റോയെ തുടർന്ന് പരാജയപ്പെട്ടെങ്കിലും പൊതുസഭയിലും ലോക രാജ്യങ്ങളെ അണിനിരത്താനുള്ള നീക്കം ശക്തമാണ്. പ്രമേയം വീറ്റോ ചെയ്ത യു. എസ് നടപടിയെ രക്ഷാസമിതിയിലെ അംഗ രാജ്യങ്ങളും കടുത്ത ഭാഷയിൽ വിമർശിച്ചു.
ഗസ്സയിൽ ഇസ്രായേലിൻറെ ആക്രമണവും ഉപരോധവും ശക്തമായി തുടരുകയാണ്. ഗസ്സ സിറ്റിയിലെ അഹ്‍ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയ മാധ്യമ പ്രവർത്തകരുടെ എണ്ണം 225 ആയി.
ഗസ്സ മുനമ്പിൽ ഇന്നലെ മാത്രം 70 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗസ്സയിൽ ബന്ദിയാക്കപ്പെട്ട രണ്ട് ഇസ്രായേൽ-അമേരിക്കൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. 70കാരിയായ വെയ്ൻസ്റ്റൈനും 72 വയസ്സുള്ള ഹഗ്ഗായിയും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ മൃതദേഹങ്ങൾ ഹമാസ് ഗസ്സയിലേക്ക് കൊണ്ടുപോയെന്നും സൈന്യം അറിയിച്ചു.
Adjust Story Font
16

