റഫ അതിര്‍ത്തി തുറന്നിട്ടും ഫലസ്തീനികള്‍ക്ക് ചികിത്സ നിഷേധിച്ച് ഇസ്രായേല്‍
അടിയന്തര ചികിത്സ തേടുന്നതിനായി ഈജിപ്തിലേക്ക് പോകാന്‍ 16 പേര്‍ക്ക് മാത്രമാണ് ഇസ്രായേല്‍ ഇന്നലെ അനുമതി നല്‍കിയത്

- Updated:
2026-02-04 04:05:29.0

ഗസ്സ: ഏറെക്കാലത്തെ ഇടവേളക്ക് ശേഷം റഫ അതിര്‍ത്തി തുറന്നിട്ടും ഫലസ്തീനികള്‍ക്ക് ചികിത്സ നിഷേധിച്ച് ഇസ്രായേല്‍. അടിയന്തര ചികിത്സ തേടുന്നതിനായി ഈജിപ്തിലേക്ക് പോകാന്‍ 135ഓളം ഫലസ്തീനികള്‍ എത്തിയെങ്കിലും 16 പേര്‍ക്ക് മാത്രമാണ് ഇസ്രായേല്‍ ഇന്നലെ അനുമതി നല്‍കിയത്. മുമ്പത്തെ ദിവസം അഞ്ച് പേര്‍ക്ക് മാത്രമായിരുന്നു അനുമതി. 12 പേരെ തിരികെ ഗസ്സയിലേക്ക് കടക്കാനും അനുവദിച്ചു. അതേസമയം, റഫ അതിര്‍ത്തി വഴി ചികിത്സ ആവശ്യമുള്ളവരെ കടത്തിവിടാനും ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിക്കാനും എത്രയും വേഗം അനുമതി നല്‍കണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
50 ഫലസ്തീനികളെ ദിവസവും റഫ അതിര്‍ത്തി വഴി ഗസ്സക്ക് പുറത്തേക്കും അകത്തേക്കും കടക്കാന്‍ അനുവദിക്കുമെന്നായിരുന്നു നേരത്തെ ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞിരുന്നത്. അതേസമയം, കടത്തിവിടുന്നവരെ അവരുടെ കൈവശമുള്ള എല്ലാ സാധനങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞത് 20,000 പേരെങ്കിലും ഗസ്സയില്‍ അടിയന്തര ചികിത്സ കാത്ത് കഴിയുന്നുണ്ട്. ഗസ്സയിലെ ആരോഗ്യസംവിധാനങ്ങളെല്ലാം ഇസ്രായേല്‍ സൈന്യം തകര്‍ത്തെറിഞ്ഞ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ആയിരങ്ങളാണ് മതിയായ ചികിത്സ ലഭിക്കാതെ യാതന അനുഭവിക്കുന്നത്.
രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തി ഇസ്രായേല്‍ ഫെബ്രുവരി രണ്ടിന് ഭാഗികമായി തുറന്നത്. 2024 ഏപ്രിലിലാണ് പാത അടച്ചത്. ഒക്ടോബര്‍ 10ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറില്‍ റഫ അതിര്‍ത്തി തുറക്കലും വ്യവസ്ഥയായിരുന്നെങ്കിലും ബന്ദികളുടെ മൃതദേഹാവശിഷ്ടം ലഭിച്ചില്ലെന്നുപറഞ്ഞ് വൈകിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടം കൈമാറല്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായതോടെയാണ് റഫ തുറന്നത്.
Adjust Story Font
16
