ഗസ്സയിൽ ഓരോ എട്ട് മിനിറ്റിലും ഇസ്രായേൽ ബോംബിടുന്നു; മുന്നറിയിപ്പുമായി യുഎൻ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെന്നും ഇത് സാധാരണക്കാർക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കുമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം കടുപ്പിച്ചതോടെ ജനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെന്നും ഇത് സാധാരണക്കാർക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കുമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു.
'ഓരോ എട്ടോ ഒമ്പതോ മിനിറ്റിലും ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം നടക്കുന്നു. വ്യാഴാഴ്ച മാത്രം ഏകദേശം 16500 പേരാണ് വടക്കൻ ഗസ്സയിൽ നിന്നും തെക്ക് ഭാഗത്തേക്ക് കുടിയിറക്കപ്പെട്ടത്.' സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. യുദ്ധക്കെടുതിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് മാനസിക ശുശ്രൂഷ നൽകുന്നതിനും മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് വെടിക്കോപ്പുകളുടെ അപകടസാധ്യതകളെ കുറിച്ച് ബോധവത്ക്കരണം നൽകുന്നതിനുമായി ദുരിതാശ്വാസ പ്രവർത്തകർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഡുജാറിക് കൂട്ടിച്ചേർത്തു.
ഈ ശ്രമങ്ങൾക്കിടയിലും ലക്ഷക്കണക്കിനാളുകൾ അരക്ഷിതാവസ്ഥയിൽ ഗസ്സയിൽ തുടരുന്നുണ്ട്. മാനുഷിക സഹായങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ഇസ്രായേലിന്റെ ഉപരോധം തുടരുന്നുവെന്നത് വെല്ലുവിളിയായി അവശേഷിക്കുന്നു.
'സഹായം തേടുന്ന ജനങ്ങളെ പിന്തുണക്കുന്നതിനായി ഇസ്രായേൽ അധികാരികളുമായി ഞങ്ങൾ ശ്രമിച്ച സംവിധാനങ്ങളിൽ ഏഴെണ്ണത്തിന് മാത്രമേ സൗകര്യം ലഭിച്ചുള്ളൂ. ഗസ്സ മുനമ്പിലേക്കും പുറത്തേക്കും സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങളുൾപ്പെടെയുള്ള മാനുഷിക പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.' സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ 65,400-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വംശഹത്യ യുദ്ധത്തിന്റെ വിനാശത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16

