ലബനൻ-സിറിയ അതിർത്തിയിൽ ബോംബാക്രമണം നടത്തി ഇസ്രായേൽ; നാല് പേർ കൊല്ലപ്പെട്ടു
തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം

- Published:
16 Feb 2026 8:50 AM IST

ബൈറൂത്ത്: ലബനൻ-സിറിയൻ അതിർത്തിയില്‍ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖാലിദ് മുഹമ്മദ് അൽ-അഹമ്മദ് എന്ന സിറിയൻ പൗരനാണെന്ന് ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. ലബനനിലെ ഫലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദ് (പിഐജെ) അംഗങ്ങളെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. എന്നാൽ ഈ അവകാശവാദത്തിന് തെളിവുകളൊന്നും അവർ നൽകിയില്ല.
മജ്ദൽ അഞ്ചാർ മേഖലയിലാണ് ബോംബിട്ടതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. അതേസമയം പിഐജെയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല. 2024 നവംബറിൽ ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും, അമേരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടായ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ലെബനനിൽ ഏതാണ്ട് എല്ലാ ദിവസവും ആക്രമണം തുടരുന്നുണ്ട്. കരാര്‍ ലംഘിച്ച് ഒരു വർഷത്തിനിടെ ഇസ്രായേൽ സൈന്യം പതിനായിരത്തിലധികം വ്യോമ-കര ആക്രമണങ്ങൾ നടത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
ഇതില്‍ കുറഞ്ഞത് 108 സാധാരണക്കാർ കൊല്ലപ്പെട്ടതായും യുഎന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 21 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു.
Adjust Story Font
16
