കിഴക്കൻ ജറുസലേമിൽ ഫലസ്തീൻ പുസ്തകശാലകൾ അടച്ച് പൂട്ടി ഇസ്രായേൽ; ഉടമകളെ കസ്റ്റഡിയിൽ എടുത്തു, വ്യാപക വിമർശനം
'റിവർ ടു ദി സീ' എന്ന കുട്ടികളുടെ കളറിംഗ് പുസ്തകങ്ങൾ കാണിച്ചാണ് പോലീസ് ഭീകരവാദ ആരോപണം ഉയർത്തിയത്

ജെറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിൽ ചരിത്രപ്രസിദ്ധമായ പുസ്തകശാലയുടെ ഫലസ്തീൻ ഉടമകളെ അറസ്റ്റ് ചെയ്ത ഇസ്രായേൽ നടപടിയിൽ വ്യാപക പ്രതിഷേധം. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഇസ്രായേൽ പൊലീസ് മഹ്മൂദ് മുന, അനന്തരവനായ അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്. പുസ്തകശാലയിൽ റെയ്ഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. നിരവധി പേരാണ് അറസ്റ്റിനെ അപലപിച്ച് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് എത്തിയത്. സംഭവം ക്രൂരവും നീതീകരിക്കാനാവാത്തതുമാണെന്ന് പ്രദേശത്തെ സാംസ്‌കാരിക - മാധ്യമ സമൂഹം പ്രതികരിച്ചു. പുസ്തകശാലകൾ അധികൃതർ അടച്ച് പൂട്ടി.
'റിവർ ടു ദി സീ' എന്ന കുട്ടികളുടെ കളറിംഗ് പുസ്തകങ്ങൾ കാണിച്ചാണ് പോലീസ് ഭീകരവാദ ആരോപണം ഉയർത്തിയത്. അറബി, ഇംഗ്ലീഷ് ഭാഷകളിൽ ഉള്ള പുസ്തകങ്ങൾ ലഭ്യമായ പുസ്തകശാലകളുടെ ഒരു ശൃംഖല തന്നെ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പുസ്തകശാലകൾ പ്രവർത്തിക്കുന്നത് മുന കുടുംബത്തിന് കീഴിലാണ്. നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ തുടങ്ങിയവർക്കിടയിൽ വലിയ ഈ പുസ്തകശാലകൾക്ക് വലിയ പ്രചാരമുണ്ട്.
പുസ്തകശാലയുടെ മൂന്ന് ശാഖകളിൽ രണ്ടെണ്ണത്തിലാണ് ഇസ്രായേൽ പോലീസ് റെയ്ഡ് നടത്തിയത്. സ്ഥിരം ഉപഭോക്താക്കളെപ്പോലെയാണ് ഏജന്റുമാർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഞ്ച് മിനിറ്റിനുശേഷം, സെർച്ച് വാറണ്ട് ഹാജരാക്കി എല്ലാവരോടും പുറത്തേക്ക് പോകാൻ ഉത്തരവിട്ടു. പിന്നാലെ ഉടമകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചില പുസ്തകങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Adjust Story Font
16

