വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഗസ്സയിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ
രണ്ട് വർഷത്തിനിടെ ഇസ്രായേൽ കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ എണ്ണം 19,000 കടന്നു

Photo|AP
ദുബൈ: വെടിനിർത്തലിന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കി ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടു.ഖാൻ യൂനിസിൽ ഇന്നലെ നടത്തിയ രണ്ട് ആക്രമണങ്ങളിൽ ഒരു കുഞ്ഞ് ഉൾപ്പടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത് . രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35 ആയി. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ നടന്ന അതിക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇസ്രായേൽ സേന നടത്തിയത്. ഗസ്സ വെടിനിർത്തലിന്റെ ഭാവി പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ യെല്ലോ ലൈൻ മറികടന്നുള്ള ഇസ്രായേൽ ആക്രമണം ഉടൻ അമർച്ച ചെയ്യണമെന്ന് ഹമാസ് മധ്യസ്ഥരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഖാൻ യൂനിസിൽ ഇസ്രായേൽ സൈനികർക്കുനേരെ വെടിവെപ്പുണ്ടായെന്ന ആരോപണവും ഹമാസ് തള്ളി.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ജൂത കുടിയേറ്റക്കാരും ഇസ്രായേൽ സുരക്ഷാ സേനയും ഫലസ്തീനികൾക്ക് നേരെ ഇന്നലെയും അതിക്രമം തുടർന്നു. നബുലസ് പട്ടണത്തിലെ ഹുവാറ, റാമല്ല എന്നിവിടങ്ങളിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം നാളെ ആരംഭിക്കുമെന്ന് സിവിൽ ഡിഫൻസ് വിഭാഗവും റെഡ് ക്രോസ് സംഘവും അറിയിച്ചു. പതിനായിരം പേരുടെ മൃതദേഹങ്ങളെങ്കിലും ഇങ്ങനെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. രണ്ടു വർഷം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 19,000 കടന്നതായി ഫലസ്തീനിയൻ എൻ.ജി ഒ നെറ്റ് വർക്ക് വെളിപ്പെടുത്തി.
Adjust Story Font
16

