Quantcast

ഇസ്രായേല്‍ ക്രൂരത തുടരുന്നു; ഗസ്സയിലെ ഖാൻയൂനുസിൽ നിന്ന്​ ഫലസ്തീനികളെ പുറന്തള്ളി

മൂന്ന് മാസത്തിന് ശേഷം ഭക്ഷ്യവസ്തുക്കളുമായി ഗസ്സയില്‍ അഞ്ച് ട്രക്കുകളെത്തി

MediaOne Logo

Web Desk

  • Published:

    20 May 2025 9:13 AM IST

ഇസ്രായേല്‍ ക്രൂരത തുടരുന്നു; ഗസ്സയിലെ ഖാൻയൂനുസിൽ നിന്ന്​ ഫലസ്തീനികളെ പുറന്തള്ളി
X

ഗസ്സ സിറ്റി: ഗസ്സയിലെ ഖാൻയൂനുസിൽ നിന്ന്​ ഫലസ്തീനികളെ കൂട്ടമായി പുറന്തള്ളി ഇസ്രായേൽ. ലോകത്തിന്‍റെ എതിർപ്പ്​ മറികടന്ന്​ ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന്​ ​സൈന്യം. മൂന്ന്​ മാസത്തിനു ശേഷം ഭക്ഷ്യവസ്തുക്കളുമായി വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് ഗസ്സയിൽ എത്തിയത്.

ആക്രമണം നിർത്തിയില്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്ന്​​ ബ്രിട്ടനും ഫ്രാൻസും കാനഡയും ഇസ്രായേലിനെ താക്കീത്​ ചെയ്തു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 80ലധികം ആളുകൾ മരിച്ചു.

ഗസ്സയിലെ ഏറ്റവും വലിയ രണ്ടാമത് പട്ടണമായ ഖാൻയൂനുസിൽ നിന്നാണ് ഫലസ്തീനികളെ ഇസ്രായേൽ കൂട്ടമായി പുറന്തള്ളിയത്. രാത്രിയും പ്രദേശത്ത്​ കനത്ത തോതിൽ വ്യോമാക്രമണം നടന്നു. ബനീ സുഹൈല, അബസാൻ എന്നിവിടങ്ങളിലുള്ളവരോടും അടിയന്തരമായി ഒഴിഞ്ഞുപോകാനാണ്​ ഇസ്രായേൽ മുന്നറിയിപ്പ്. സമീപത്തെ മവാസിയിലേക്കാണ്​ ആയിരങ്ങൾ അഭയം തേടി നീങ്ങുന്നത്​.

മധ്യഗസ്സയിലെ ഫലസ്തീൻ ഒഴിപ്പിക്കലിനു പിന്നാലെയാണ്​ ഖാൻ യൂനുസിൽ നിന്നുള്ള പുറന്തള്ളൽ. ഗസ്സ പൂർണമായും പിടിച്ചടക്കുന്നതിന്റെ ഭാഗമായാണ് കരസേനാനീക്കവും കുടിയൊഴിപ്പിക്കലുമെന്നാണ് റിപ്പോർട്ട്​. ഇന്നലെ മാത്രം ഗസ്സയിൽ എൺപതിലേറെ ​പേരാണ്​ കൊല്ലപ്പെട്ടത്​. നുസൈറാത്തിൽ സ്കൂളിനു മേൽ ബോംബിട്ട്​ നിരവധി കുട്ടികളെ കൊലപ്പെടുത്തി.

അതിനിടെ, ഗസ്സയിൽ പരിമിതമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സമ്മതിച്ചു. ബേബി ഫുഡ്​ ഉൾപ്പെടെയുള്ളവയുമായി അഞ്ച് ട്രക്കുകൾ ഗസ്സയിലെത്തി. മാർച്ച്​ രണ്ട്​ മുതൽ ആരംഭിച്ച ഉപരോധത്തിനു ശേഷം ഇതാദ്യമായാണ്​ സഹായട്രക്കുകൾ എത്തുന്നത്​. എന്നാൽ ദിനംപ്രതി 500 ട്രക്കുകളെങ്കിലും എത്തിയാൽ മാത്രമേ ആവശ്യം പൂർത്തീകരിക്കാൻ കഴിയൂ എന്ന്​ യുഎൻ വ്യക്​തമാക്കി.

യുഎസ്​ ബന്ദി ഏഡൻ അലക്സാണ്ടറുടെ മോചന വേളയിൽ ഹമാസിന്​ നൽകിയ ഉറപ്പിനെ തുടർന്നാണ്​ ട്രക്കുകൾ എത്തിയതെന്ന്​ അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. യുഎൻ ഏജൻസികൾക്കു പകരം ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്​ വിതരണചുമതല കൈമാറാനാണ്​ ഇസ്രായേൽ നീക്കം. ഗസ്സയിലെ 21 ലക്ഷം ജനങ്ങളും കൊടുംപട്ടിണിയിലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനം ഗബ്രിയെസൂസ് പറഞു. ഗസ്സയിലേക്ക്​ മാനുഷികസഹായം വിലക്കി ആക്രമണം വിപുലീകരിക്കുന്ന ഇസ്രായേൽ നടപടിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്​, കനഡ എന്നീ രാജ്യങ്ങൾ രംഗത്തുവന്നു. ദോഹയിൽ വെടിനിർത്തൽ ചർച്ച തുടരുമെന്ന്​ ഇസ്രായേൽ അറിയിച്ചു.

TAGS :

Next Story