ഗസ്സ കൊടും പട്ടിണിയിൽ; ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെയുളള ഇസ്രായേൽ വെടിവെപ്പ് തുടരുന്നു
വടക്കൻ ഗസ്സക്ക് പിന്നാലെ മധ്യ ഗസ്സയിലും വ്യാപക കുടിയിറക്കലും തകർക്കലും തുടരുകയാണ് ഇസ്രായേൽ

ഗസ്സസിറ്റി: വ്യോമാക്രമണവും പുറന്തള്ളലും തുടരുന്ന ഗസ്സയിൽ പട്ടിണി കൂടുതൽ പിടിമുറുക്കിയതായി യുഎൻ ഏജൻസികൾ. പട്ടിണി കിടന്ന് രണ്ട് കുഞ്ഞുങ്ങൾ കൂടി മരണപ്പെട്ടു. ഗസ്സ സിറ്റിയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞും ദെയ്ർ അൽബലഹിൽ നാലുമാസമുള്ള റസാൻ അബൂ സാഹിർ എന്ന ബാലികയുമാണ് പോഷകാഹാരക്കൂറവ് മൂലം മരണത്തിന് കീഴടങ്ങിയത്.
പട്ടിണിമൂലം മുലപ്പാൽ വറ്റിയ മാതാവിന് മുന്നിലായിരുന്നു റസാന്റെ മരണം. അൽശിഫ ആശുപത്രിയിലാണ് ആദ്യ കുഞ്ഞ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗസ്സയിൽ ഇത്തരം മരണങ്ങൾ പെരുകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ 40 ഭക്ഷ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടിയ ഇസ്രായേൽ, പകരം തുറന്ന നാല് കേന്ദ്രങ്ങളിൽ എത്തുന്നവരെ വെടിവെച്ചു കൊല്ലുന്ന പതിവും തുടരുകയാണ്. 92 പേരാണ് ഇന്നലെ മാത്രം ഇങ്ങനെ കൊല്ലപ്പെട്ടത്.
വടക്കൻ ഗസ്സയിൽ എത്തിയ ട്രക്കുകളിൽ നിന്ന് ഭക്ഷണം കൈപ്പറ്റാനെത്തിയവർക്കു നേരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത. വടക്കൻ ഗസ്സക്ക് പിന്നാലെ മധ്യ ഗസ്സയിലും വ്യാപക കുടിയിറക്കലും തകർക്കലും തുടരുകയാണ് ഇസ്രായേൽ. മധ്യ ഗസ്സയിലെ ദൈർ അൽബലഹിലാണ് പുതിയതായി കൂട്ട കുടിയൊഴിപ്പിക്കൽ. ഇവിടങ്ങളിലുള്ളവർ തെക്കൻ ഗസ്സയിലെ മുവാസിയിലേക്ക് മാറണമെന്നാണ് നിർദേശം. ഖത്തറിൽ ഹമാസുമായി വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഫലസ്തീനികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനില്ലെന്ന നിലപാടിലാണ് നെതന്യാഹു.
അതേസമയം ഖാൻ യൂനുസിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ ഏതാനും സൈനികർക്ക് പരിക്കേറ്റു. ഹമാസുമായി ഉടൻ വെടിനിർത്തലിന് നെതന്യാഹുവിനെ പ്രേരിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ട് ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി.
Adjust Story Font
16

