Quantcast

തകർച്ചയുടെ വക്കിൽ അൽ അഖ്‌സ?

അൽ അഖ്‌സ പള്ളി പൊളിച്ച്, അവിടെ പുതിയൊരു ജൂതക്ഷേത്രം നിർമിക്കണമെന്നാണ് സയണിസ്റ്റുകൾ ആഗ്രഹിക്കുന്നത്. അതൊരു വശത്ത് പുരോഗമിക്കവെയാണ്, അൽ അഖ്‌സയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നത്

MediaOne Logo

Web Desk

  • Published:

    28 Oct 2025 7:15 PM IST

തകർച്ചയുടെ വക്കിൽ അൽ അഖ്‌സ?
X

ലോകത്തേറ്റവും സംഘർഷഭരിതമായ പുണ്യസ്ഥലം - അതാണ് കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ പള്ളി. ഇസ്ലാം മതത്തിൽ ഹറം അൽ ഷരീഫെന്നും ജൂതമത വിശ്വാസികൾക്കിടയിൽ ടെമ്പിൾ മൗണ്ട് എന്നും അറിയപ്പെടുന്ന അൽ അഖ്‌സ, ഇരുമതങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണ്. മതപരമായ പ്രാധാന്യം കൂടാതെ, ഫലസ്തീൻ ജനതയുടെ സംസ്കാരത്തിന്റെയും ദേശീയതയുടെയും പ്രതീകം കൂടിയാണ് അൽ-അഖ്സ. അതുകൊണ്ടുതന്നെ സയണിസ്റ്റ് അധിനിവേശ ശക്തികൾ അൽ അഖ്‌സയെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും വർഷങ്ങളായി നടത്തിപോരുന്നുണ്ട്. അതിന്റെ ഭാഗമായി പലതരത്തിലുള്ള സംഘർഷങ്ങൾക്കും ഈ പുണ്യഭൂമി സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.

അൽ അഖ്‌സ പള്ളി പൊളിച്ച്, അവിടെ പുതിയൊരു ജൂതക്ഷേത്രം നിർമിക്കണമെന്നാണ് തീവ്ര സയണിസ്റ്റുകൾ ആഗ്രഹിക്കുന്നത്. അതിനായുള്ള നീക്കങ്ങളും കഴിഞ്ഞ കുറച്ച് വര്ഷങ്ങള്ക്കിടെ ഊർജിതമായി അവർ നടത്തുന്നുണ്ടായിരുന്നു. അതൊരു വശത്ത് പുരോഗമിക്കവെയാണ്, അൽ അഖ്‌സയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നത്. അൽ-അഖ്‌സ മസ്ജിദിന് ചുറ്റും ഇസ്രായേൽ നടത്തുന്ന ഖനനപ്രവർത്തനങ്ങൾ പള്ളിയുടെ അടിത്തറ ദുർബലമാക്കുന്നതായിട്ടാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ജറുസലേം ഗവർണറേറ്റിന്റെ ഉപദേഷ്ടാവായ മറൂഫ് അൽ-റിഫായ് വഫ വാർത്താ ഏജൻസിക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു അൽ അഖ്‌സയുടെ നിലനിൽപ്പ് ഭീഷണിയിലാണെന്ന് അറിയിച്ചത്. ഓൾഡ് സിറ്റിയിൽ ഇസ്രായേൽ തുടരുന്ന പഴയതും പുതിയതുമായ ഖനന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുംതോറും പള്ളി തകരാനുള്ള സാധ്യതയും വർധിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അൽ-അഖ്‌സ പള്ളിക്ക് കീഴിലൂടെ പലസ്ഥലങ്ങളെ ബന്ധിപ്പിക്കാനുള്ള തുരങ്കങ്ങളാണ് ഇസ്രായേൽ നിർമിക്കുന്നത് എന്നാണ് മറൂഫ് പറയുന്നത് . കിഴക്കൻ ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കുകയാണ് അതിലൂടെ ലക്‌ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

പഴയ ജെറുസലേം നഗരത്തെ ജൂതവൽക്കരിക്കാനും അതിന്റെ മതപരവും സാംസ്കാരികവും ചരിത്രപരവുമായ സ്വഭാവത്തെ മാറ്റിമറിക്കാനുമുള്ള ദീർഘകാല രാഷ്ട്രീയ പദ്ധതിയാണ് ഇസ്രായേൽ നടപ്പിലാക്കുന്നത് എന്നതാണ് പ്രധാന ആരോപണം. പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമെന്നോണം, ജറുസലേം ഒരു ജൂത നഗരമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് ശരിക്കും ഇസ്രായേൽ നടത്തുന്നത് എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. നൂറ്റാണ്ടുകളായുള്ള വീടുകൾ, പുരാതന പാഠശാലകൾ, മറ്റു അടയാളങ്ങൾ എന്നിവയെല്ലാം ഖനനപ്രവർത്തനത്തിലൂടെ ഇസ്രായേൽ നശിപ്പിക്കുന്നുണ്ട്. ഇതൊന്നും ശാസ്ത്രീയമായ രീതിയിലല്ല എന്നതും രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഖനത്തിന് പിന്നിലുള്ളത് എന്ന ആരോപണത്തിന് ശക്തിപകരുന്നുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അക്കാലത്ത് ഫലസ്തീൻ ഭരിച്ചിരുന്ന ഓട്ടോമൻ സാമ്രാജ്യം, ജറുസലേമിലെ മതകേന്ദ്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഒരു സംവിധാനം കൊണ്ടുവന്നിരുന്നു. സ്റ്റാറ്റസ് ക്വോ എന്നായിരുന്നു അതറിയപ്പെട്ടിരുന്നത്. സ്വർണ താഴികകുടമുള്ള ഡോം ഓഫ് ദി റോക്ക്, വെള്ളി താഴികക്കുടം കൊണ്ട് നിർമ്മിച്ച ഖിബ്ലി പള്ളി, മറ്റ് കെട്ടിടങ്ങൾ കവാടങ്ങൾ ഉൾപ്പെടെ 1,44,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അൽ-അഖ്‌സ പള്ളി സമുച്ചയം മുഴുവനും ഇസ്ലാമിക് വഖഫ് ഭരണത്തിൻ കീഴിലാണെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു അത്.

മുസ്ലീങ്ങൾക്ക് മാത്രമേ പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ, മുസ്ലീങ്ങളല്ലാത്തവർക്ക് സന്ദർശിക്കാം, പക്ഷേ എപ്പോൾ, എങ്ങനെയെന്ന് വഖഫ് തീരുമാനിക്കും. അത്ര ലളിതമായിരുന്നു നിയമം. ഒപ്പം പള്ളിയുടെ നിയന്ത്രണം പരിപാലനം, സുരക്ഷ, ഖനനം എന്നിവ ഉൾപ്പെടെ, വഖഫിന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.

1994-ൽ ജോർദാനുമായി ഒപ്പുവച്ച സമാധാന ഉടമ്പടിയിലും ഇസ്രായേൽ ഇതെല്ലം അംഗീകരിക്കുകയും ചെയ്തിരുന്നു. രണ്ടായിരം വരെ, ഈ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചുപോരുകയായിരുന്നു. പള്ളിക്ക് നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ ആഗോളതലത്തിൽ മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയമായിരുന്നു അതിന് പിന്നിൽ.

എന്നാൽ രണ്ടായിരത്തിൽ അന്നത്തെ ഇസ്രായേൽ പ്രതിപക്ഷ നേതാവായിരുന്ന ഏരിയൽ ഷാരോൺ, നൂറുകണക്കിന് സുരക്ഷാസേനയുമായി അൽ അഖ്‌സയിലേക്ക് പ്രവേശിച്ചതോടെയാണ് കാര്യങ്ങളിൽ മാറ്റം സംഭവിക്കുന്നത്. ഇതായിരുന്നു രണ്ടാം ഇന്തിഫാദയ്ക്ക് ഉൾപ്പെടെ തിരികൊളുത്തിയത്. ശേഷം അൽ അഖ്‌സയിൽ ഇസ്രായേലി ഭരണകൂടത്തിന്റെയും സയണിസ്റ്റുകളുടെയും നിയമലംഘങ്ങളുടെ നീണ്ടപരമ്പരയായിരുന്നു അരങ്ങേറിയത്. പതിയെ പള്ളി കോമ്പൗണ്ടിന്റെ നിയന്ത്രണം ഇസ്രായേലി സൈന്യം ഏറ്റെടുത്തു. അവരായിരുന്നു ആരൊക്കെ പള്ളിയിൽ കയറണം എന്നതുൾപ്പെടെ തീരുമാനിച്ചിരുന്നത്. അതിദേശീയവാദികളായ ഇസ്രായേലികളുടെ സന്ദർശനം പതിവായി. ഫലസ്തീനികൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. അതിനെല്ലാം ഇസ്രായേലി സൈന്യം കാവലും നിന്നു.

അൽ-അഖ്‌സ പള്ളി നശിപ്പിക്കാനും അവിടെ ജൂതക്ഷേത്രം നിർമിക്കണമെന്നും ആവശ്യപ്പെടുന്ന ടെമ്പിൾ മൗണ്ട് ആക്ടിവിസ്റ്റുകളും ശക്തിപ്രാപിച്ചത് ഇക്കാലയളവിലായിരുന്നു. വെള്ളിയാഴ്ചകളിൽ ഉൾപ്പെടെ പള്ളിയിലേക്ക് സംഘടിച്ചെത്തുന്ന ഇക്കൂട്ടർ അവിടെയെത്തുന്ന ഇസ്ലാം മത വിശ്വാസികളെ ആക്രമിക്കുന്നത് പിന്നീടങ്ങോട്ട് പതിവാകുകയായിരുന്നു. ഒപ്പം ജൂതപ്രാർത്ഥനകൾ നടത്താനും ആരംഭിച്ചു. 2021 മെയിൽ റമദാൻ മാസം നടത്തിയ ആക്രമണത്തെ തുടർന്ന് 11 ദിവസം നീണ്ടുനിന്ന സംഘർഷം പോലും ഉണ്ടായി.

2023 ഒക്ടോബർ 7 മുതൽ കാര്യങ്ങൾ വീണ്ടും സങ്കീർണമായെന്നാണ് ഫലസ്തീനികൾ പറയുന്നത്. 60 വയസിൽ താഴെയുള്ള ഫലസ്തീനികൾക്ക് അൽ അഖ്‌സയിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നു. അൽ-അഖ്‌സ പള്ളിയുടെ മേൽ ജൂത പരമാധികാരം സ്ഥാപിച്ച് അടിച്ചേൽപ്പിക്കാനും മുസ്ലീങ്ങളെ അവിടെനിന്ന് പുറത്താക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ഫലസ്തീനികൾ പറയുന്നത്. അതിന്റെയെല്ലാം തുടർച്ചയിലാണ് പള്ളിയെ തന്നെ തകർച്ചയിലേക്ക് തള്ളിവിടാൻ കെൽപ്പുള്ള ഖനനപ്രവർത്തനങ്ങൾ ഇസ്രായേൽ നടത്തുന്നതും,

TAGS :

Next Story