പട്ടിണി മരണങ്ങൾക്കിടെ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; 135 പേർ കൂടി കൊല്ലപ്പെട്ടു
ഗസ്സ പൂർണമായും കൈവശപ്പെടുത്തുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം

ഗസ്സസിറ്റി: ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 135 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ 87പേരും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ സഹായം തേടിയെത്തിയവരാണ്.
771 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ഇസ്രായേൽ യുദ്ധത്തിനിടെ, പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 193 ആയി. ഗസ്സ പൂർണമായും കൈവശപ്പെടുത്തുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം.
ഗസ്സ കീഴടക്കൽ പദ്ധതിയിൽ മാറ്റമില്ലന്നും ഹമാസിനെ നശിപ്പിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ മന്ത്രി ബിസാലെൽ സ്മോട്രിക് പ്രതികരിച്ചു. സൈനിക മേധാവി ഇയാൽ സാമിറുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്നലെയും ചർച്ച നടത്തി.
ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്നും കൂടുതൽ സൈനികർക്ക് ജീവാപായം ഉറപ്പാണെന്നും സൈനികമേധാവി നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെൽ അവീവിൽ പതിനായിരങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്നലെയും തെരുവിലിറങ്ങി. നെതന്യാഹുവിന്റെ പദ്ധതി ആശങ്കാജനകമാണെന്ന് യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മിറോസ്ലാവ്ജെങ്ക പറഞ്ഞു. പ്രകോപനപരമായ നീക്കമാണിതെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബെറ പ്രതികരിച്ചു.
ഗസ്സയിൽ ആക്രമണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രായേലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന യുഎന്നിന്‍റെയും വിവിധ രാജ്യങ്ങളുടെയും ആവശ്യം ഇസ്രായേൽ തള്ളി.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗസ്സയിലെ അവശേഷിച്ച ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലാണ്. പൂർണ വളർച്ചയെത്താതെ പ്രസവിച്ച നൂറ് നവജാത ശിശുക്കൾ മരണത്തെ അഭിമുഖീകരിക്കുകയാണെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
Adjust Story Font
16

