Quantcast

ഏത് രാജ്യം സ്വീകരിക്കും ഫലസ്‌തീനികളെ? സ്വമേധയാ കുടിയൊഴിപ്പിക്കൽ ഒക്‌ടോബർ മുതലെന്ന് ഇസ്രായേൽ

ഗസ്സ വിട്ടുപോകാൻ ഉദ്ദേശിക്കുന്നവർക്ക് വിമാനമാർഗമോ കടൽമാർഗമോ അതിനുള്ള സൗകര്യമൊരുക്കും, ഇതിന് വേണ്ട ചെലവ് വരെ ഇസ്രായേൽ കണക്കുകൂട്ടിക്കഴിഞ്ഞു. പക്ഷേ, ഏത് രാജ്യം സ്വീകരിക്കും എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്... സൊമാലിയ, സുഡാൻ അടക്കം പല ഓപ്‌ഷനുകൾ ഇസ്രായേൽ മുന്നോട്ട് വെച്ചിട്ടുണ്ട്... ഗസ്സ എന്നെന്നേക്കുമായി ഫലസ്‌തീനികൾക്ക് നഷ്‌ടമാകുമോ?

MediaOne Logo

Web Desk

  • Published:

    15 Sept 2025 2:48 PM IST

ഏത് രാജ്യം സ്വീകരിക്കും ഫലസ്‌തീനികളെ? സ്വമേധയാ കുടിയൊഴിപ്പിക്കൽ ഒക്‌ടോബർ മുതലെന്ന് ഇസ്രായേൽ
X

ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുലേഖകൾ വിമാനങ്ങൾ വഴി വിതറുന്നുണ്ട് ഇസ്രായേൽ... ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ പട്ടിണിയിലും ബോംബിങ്ങിലും കൊല്ലപ്പെട്ട് വീഴുമ്പോഴും ഗസ്സ സിറ്റിയിൽ തന്നെ തുടരുകയാണ് ഫലസ്‌തീനികൾ. ഗസ്സ പിടിക്കാനുള്ള ആക്രമണം ഇസ്രയേൽ പ്രഖ്യാപിച്ചതിനുശേഷം ഒരു മാസത്തിനിടെ 10% പേർ മാത്രമാണ് ഒഴിഞ്ഞുപോയത്. എങ്ങനെയും ഫലസ്‌തീനികളെ ഒഴിപ്പിച്ച് നാടുകടത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇസ്രായേൽ.

സ്വമേധയാ കുടിയേറ്റം സംബന്ധിച്ച് നെതന്യാഹു ഒരു ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അടുത്ത മാസം മുതൽ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഗസ്സ വിട്ടുപോകാൻ ഉദ്ദേശിക്കുന്നവർക്ക് വിമാനമാർഗമോ കടൽമാർഗമോ അതിനുള്ള സൗകര്യമൊരുക്കും, ഇതിന് വേണ്ട ചെലവ് വരെ ഇസ്രായേൽ കണക്കുകൂട്ടിക്കഴിഞ്ഞു. പക്ഷേ, ഏത് രാജ്യം സ്വീകരിക്കും എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്... സൊമാലിയ, സുഡാൻ അടക്കം പല ഓപ്‌ഷനുകൾ ഇസ്രായേൽ മുന്നോട്ട് വെച്ചിട്ടുണ്ട്.

ഫലസ്‌തീൻ ജനതയുടെ സ്വമേധയാ കുടിയൊഴിപ്പിക്കൽ അടുത്തിടെ ഒരു ഉന്നതതല യോഗത്തിൽ ഇസ്രായേൽ ചർച്ച ചെയ്‌തിരുന്നു. ഗസ്സയിലെ യുദ്ധാനന്തര പദ്ധതികളുടെ ഭാഗമായി ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇതമാർ ബെൻ ഗ്വിർ എന്നിവരുൾപ്പെടെ പങ്കെടുത്തു. അടുത്തയാഴ്‌ച ഇസ്രായേൽ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും ഇക്കാര്യം ചർച്ച ചെയ്യും.

ഫലസ്‌തീനികളെ സ്വീകരിക്കാൻ പല ആഫ്രിക്കൻ രാജ്യങ്ങളുമായി ഇസ്രായേൽ ചർച്ച നടത്തുന്നതായി ചാനൽ 13 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ യാതൊരു കരാറും ഉണ്ടായിട്ടില്ല. സുഡാൻ, ലിബിയ, യുഗാണ്ട, സൊമാലിലാൻഡ് എന്നിവയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ പറഞ്ഞ രാജ്യങ്ങളിൽ ഏതെങ്കിലും ഫലസ്‌തീനികളെ സ്വീകരിക്കുമോ എന്ന സംശയം ബെസലേൽ സ്മോട്രിച്ച് പ്രകടിപ്പിച്ചിരുന്നു. എന്തായാലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഇത് കാലത്തിന്റെ ദൗത്യമാണ്, നടപ്പാക്കുക തന്നെ വേണമെന്ന് ബെൻ ഗ്വിർ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

ഇതൊരു പുതിയ ആശയമല്ല. 2023ൽ തുടങ്ങിയ യുദ്ധത്തിന്റെ ആദ്യ ആഴ്‌ചയിൽ തന്നെ ഇസ്രായേലിന്റെ ഇന്റലിജൻസ് മന്ത്രി ഗില ഗാമ്ലിയേൽ ഗസ്സയിൽ നിന്നുള്ള സ്വമേധയാ കുടിയൊഴിപ്പിക്കൽ പദ്ധതി കാബിനറ്റിന് സമർപ്പിച്ചിരുന്നു. ഗസ്സ ഇറാനിയൻ താവളമായി മാറിയിരിക്കുന്നുവെന്നും സുരക്ഷ പുനഃസ്ഥാപിക്കാൻ സ്വമേധയായുള്ള കുടിയേറ്റം മാത്രമാണ് പോംവഴിയെന്നുമാണ് അവരന്ന് നിർദേശിച്ചിരുന്നത്. ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ അവർ.. എന്ന് കടുപ്പിക്കുകയും ചെയ്‌തിരുന്നു ഗില ഗാമ്ലിയേൽ. ഗസ്സയെ ഭാവിയിൽ പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെ കാണുന്നത്.

ഫലസ്‌തീൻ സ്റ്റേറ്റ് എന്നത് സംഭവിക്കില്ല എന്ന് നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗത്തിലെ വിവരങ്ങൾ പുറത്തുവരുന്നത്. വെസ്റ്റ് ബാങ്കിൽ സെറ്റിൽമെന്റുകൾ വിപുലീകരിക്കുന്നതിനുള്ള കരാറും നെതന്യാഹു ഒപ്പുവെച്ചിട്ടുണ്ട്. ഗസ്സ സിറ്റിയ്ക്കപ്പുറം യുദ്ധം വ്യാപിപ്പിക്കാനുള്ള പദ്ധതികളും ഇസ്രായേൽ അണിയറയിൽ ഒരുങ്ങുന്നു.

വിമാനമാർഗമോ കടൽ മാർഗമോ ഗസ്സയിൽ നിന്ന് പുറത്തുകടക്കാം. ഓരോ ഫലസ്‌തീനിയുടെയും പുറത്താക്കൽ 23,000 ഡോളർ ലാഭമുണ്ടാകുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഒരു രാജ്യവും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ ഫലസ്‌തീനികൾ തിരികെ മടങ്ങിവരികയാണെങ്കിൽ ഈ പദ്ധതിക്ക് നിക്ഷേപം നടത്തുന്നത് ശരിയല്ലെന്നും സ്മോട്രിച്ച് ചൂണ്ടിക്കാട്ടി. ഇസ്രായേൽ ഈ പദ്ധതിക്ക് വലിയ തുക ചെലവഴിക്കില്ലെന്നും എന്നാൽ ഇതുമായി മുന്നോട്ട് പോകുമെന്നും നെതന്യാഹു പ്രതികരിച്ചു. ഗസ്സയിൽ നിന്നുള്ളവരെ സ്വീകരിക്കാൻ ഈജിപ്‌തിനെ നിർബന്ധിക്കണമെന്ന് ഗില ഗാംലിയേൽ വാദിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ഈജിപ്‌ത്‌ തുടക്കം തന്നെ ശക്തമായ എതിർപ്പാണ് അറിയിച്ചിരുന്നത്.

ഫലസ്‌തീനികളെ പുറത്താക്കി ഗസ്സയെ ഏറ്റെടുത്ത് "മിഡിൽ ഈസ്റ്റിന്റെ റിവിയേര" ആയി പുനർനിർമ്മിക്കാനുള്ള ഒരു പദ്ധതി ഫെബ്രുവരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗസ്സയിൽ നിന്ന് പലായനം ത്വരിതപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് പരസ്യമായി അംഗീകരിച്ച് നെതന്യാഹു രംഗത്തെത്തുകയുണ്ടായി. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ഫലസ്‌തീനികൾക്ക് സ്വമേധയാ ഗസ്സ വിടാൻ സഹായിക്കുന്ന ഒരു പ്രതിരോധ മന്ത്രാലയ ഡയറക്‌ടറേറ്റ് സ്ഥാപിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

ഗസ്സയെ ഒരു ഹൈ-ടെക് മാനുഫാക്‌ചറിംഗ്, ടെക്നോളജി ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ജനങ്ങളെ പൂർണമായും ഒഴിപ്പിക്കുക തന്നെ വേണം. ഗസ്സയിലെ എല്ലാ ഫലസ്‌തീനികളെയും റഫയിലുള്ള ഒരു 'ഹ്യൂമാനിറ്റേറിയൻ സിറ്റി'യിലേക്ക് നിർബന്ധമായി മാറ്റുകയാണ് മറ്റൊരു പദ്ധതി. ഈ ക്യാമ്പിൽ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പ്രവേശിക്കാം, പക്ഷേ പുറത്തുപോകാൻ അനുവദിക്കില്ല. ആദ്യം 600,000 പേരെ മാറ്റി, പിന്നീട് ജനസംഖ്യ മുഴുവനായും ഇവിടെ പാർപ്പിക്കും. ഇസ്രായേൽ സൈന്യം പരിസരം നിയന്ത്രിക്കും. ഈ ക്യാമ്പ് കുടിയേറ്റത്തിന്റെ താൽക്കാലിക കേന്ദ്രമായിരിക്കുമെന്നും ഇസ്രായേൽ കാറ്റ്സ് വെളിപ്പെടുത്തുകയുണ്ടായി.

വംശീയ ഉന്മൂലനം എന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. റഫ ക്യാമ്പ് പദ്ധതിയെ 'മനുഷ്യത്വരഹിത കുറ്റകൃത്യങ്ങളുടെ ബ്ലൂപ്രിന്റ്' എന്ന് ഇസ്രായേൽ മനുഷ്യാവകാശ അഭിഭാഷകൻ മൈക്കൽ സ്‌ഫാർഡ് വിശേഷിപ്പിച്ചു. കോൺസൻട്രേഷൻ ക്യാമ്പ് എന്നാണ് ഹീബ്രു യൂണിവേഴ്സിറ്റി പ്രൊഫസർ അമോസ് ഗോൾഡ്ബെർഗ് പ്രതികരിച്ചത്. സ്വന്തം മണ്ണിലേക്ക് തിരിച്ചുവരിക എന്നതിന് ഒരു ഗ്യാരന്റിയും ഇല്ലാത്തതിനാൽ ഫലസ്‌തീനികൾ ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും കടുത്ത അക്രമണങ്ങൾക്കിടയിൽ ഗസ്സയിൽ തന്നെ തുടരുകയാണ്. അഭയാർഥികളാൽ നിറഞ്ഞുകവിഞ്ഞ തെക്കൻ ഗസ്സയിലെ അൽ മവാസിയിലേക്ക് പോയിട്ടു കാര്യമില്ല എന്നതിനാൽ മറ്റുവഴികളില്ലാതെ ഗസ്സ സിറ്റിയിൽ തുടരുന്നവരുമുണ്ട്.

അന്താരാഷ്ട്ര നിയമപ്രകാരം, നിർബന്ധിത കുടിയേറ്റം യുദ്ധകുറ്റമാണ്. ഗസ്സയുടെ 87% സൈനിക മേഖലകളാക്കിയത് ജനങ്ങളെ ഒഴിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതി നടപ്പാക്കിയാൽ, ഗാസയിലെ 2.3 മില്യൺ ജനങ്ങൾക്ക് വലിയ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഒഴിപ്പിക്കപ്പെട്ടാൽ പിന്നീടൊരിക്കലും ഗസ്സയിലേക്ക് മടങ്ങിവരാൻ അവർക്ക് സാധിക്കില്ല. മാർകോ റൂബിയോയുമായുള്ള ഇസ്രയേലിന്റെ ചർച്ചയാകും പദ്ധതിയുടെ ഭാവി നിർണയിക്കുക.

TAGS :

Next Story