ആയുധം താഴെ വെക്കാൻ ഹമാസ് സമ്മതിച്ചിട്ടും ഗസ്സയിൽ ആക്രമണം നിർത്താതെ ഇസ്രായേൽ; നാല് പേർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിലും മധ്യ ഗസ്സയിലെ ദെയ്റുൽ ബലാഹിലുമാണ് ആക്രമണമുണ്ടായത്

- Published:
2 Aug 2026 10:19 AM IST

ഗസ്സ: വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിർണായകമായ പുരോഗതി അവകാശപ്പെടുമ്പോഴും ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസം നടന്ന വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗസ്സ സിറ്റിയിലും മധ്യ ഗസ്സയിലെ ദെയ്റുൽ ബലാഹിലുമാണ് ആക്രമണമുണ്ടായത്. ദെയ്റുൽ ബലാഹിൽ നടന്ന ആക്രമണത്തിൽ ഒരു ദമ്പതികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ പാർപ്പിട സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം ഈജിപ്തിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവാകാശപെട്ടതിന് തൊട്ടുപിന്നാലെയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണമുണ്ടായിരിക്കുന്നത്.
കരാറിന്റെ ഭാഗമായി ആയുധം താഴെ വെക്കാൻ ഹമാസ് സമ്മതിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കരാർ പൂർണമായി നടപ്പിലാക്കുന്നതിനായി 15 ഇന രൂപരേഖയും പുറത്തിറക്കി. എന്നാൽ ഇസ്രായേലും ഹമാസും തമ്മിൽ സുപ്രധാന വിഷയങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കാരണം ഈ പദ്ധതി ഇതുവരെ പ്രാവർത്തികമായിട്ടില്ല.
മുൻ ധാരണപ്രകാരം ഇസ്രായേൽ തങ്ങളുടെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുകയും ഗസ്സയിൽ നിന്ന് സേനയെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ പൂർണമായും ഉപേക്ഷിക്കാൻ തയ്യാറാവുകയുള്ളൂ എന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ഹമാസ് പൂർണമായി നിരായുധീകരിക്കപ്പെടാതെ ഗസ്സയിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേലും വ്യക്തമാക്കുന്നു.
അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന പദ്ധതിയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ഈ നിർദേശത്തെ പൂർണമായും തള്ളിക്കളഞ്ഞു. ഇത്തരം കരാറുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ ഹമാസ് നേതാക്കളെ വധിക്കുന്നത് ഇസ്രായേൽ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അതേസമയം, ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇസ്രായേലുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻ ഫത്താ ഉദ്യോഗസ്ഥനായ മുഹമ്മദ് ദഹ്‌ലാൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുതിർന്ന ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ ഈ വിവരം തന്നെ അറിയിച്ചതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ ഇസ്രായേൽ സൈനിക നീക്കം പൂർണമായി നിർത്തിയാൽ മാത്രമേ ഈ സമാധാന ശ്രമങ്ങൾ വിജയിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ 7ന് ആരംഭിച്ച ഇസ്രായേൽ അധിനിവേശത്തിൽ ഗസ്സയിൽ ഇതുവരെ 70,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും, 23 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗം ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിൽ ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുണ്ടായിട്ടും, അതിനുശേഷം മാത്രം ആയിരത്തിലധികം ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് യുഎൻ സമിതികളും ആംനസ്റ്റി ഇന്റർനാഷണലും കുറ്റപ്പെടുത്തുമ്പോൾ തന്നെ, ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിയന്തര മാനുഷിക സഹായങ്ങൾ ലഭ്യമാക്കാൻ നിരായുധീകരണം ഒരു ഉപാധിയാക്കുന്നത് ക്രൂരമായ നടപടിയാണെന്ന വിമർശനവും ശക്തമാണ്.
Adjust Story Font
16
