Quantcast

അമേരിക്കയോട് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ; നൽകുമെന്ന് യു.എസ്

ഇസ്രായേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-10-08 18:00:21.0

Published:

8 Oct 2023 3:09 PM GMT

Israel has requested military assistance from the United States
X

വാഷിങ്ടൺ: ​ഗസയിൽ ഹമാസുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയത്. വലിയ സൈനിക ശക്തി അവകാശപ്പെടുന്ന ഇസ്രയേൽ ​ഗസയിൽ പ്രതിരോധത്തിലായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയോടുള്ള സഹായ അഭ്യർഥന.

ഇസ്രായേലിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണവുമായി അമേരിക്ക രം​ഗത്തെത്തി. ഇസ്രായേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ലബനാനിൽ ഹിസ്ബുല്ലയുമായി പുതിയ യുദ്ധമുഖം തുറക്കാനുള്ള ഇസ്രായേൽ നീക്കം അമേരിക്ക ഇടപെട്ട് ഒഴിവാക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു.

തങ്ങൾക്കാവശ്യമായ സഹായങ്ങളുടെ പട്ടിക ഇസ്രായേൽ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. സൈനിക സഹായമുൾപ്പെടെയുള്ളവ നൽകുന്നത് സംബന്ധിച്ചുള്ള അമേരിക്കയുടെ പ്രഖ്യാപനം ഞായറാഴ്ച രാത്രി തന്നെയുണ്ടാവും. അമേരിക്കയെ കൂടാതെ ഇറ്റലി, യുക്രൈയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞിരുന്നു. അതേസമയം, സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഇന്ന്​ രാത്രി യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേരുന്നുണ്ട്​.

ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും ചൈനയും രംഗത്തു വന്നിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. മേഖലയിൽ അസ്ഥിരത സൃഷ്ടിച്ചത് ഇസ്രായേലും കൂട്ടാളികളും ആണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ഇസ്രായേലിന് സൈനിക സഹായം നൽകാൻ സന്നദ്ധരാണെന്ന് അറിയിച്ച് യു.എസ് രം​ഗത്തെത്തിയത്.

അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ മരണം 600 കടന്നതായും പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടെന്നും ഇസ്രായേൽ അറിയിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ മരണം 370 ആയി. 2200 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേലിൽ റെയിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, ലബനാനിൽ നിന്ന് ഇസ്രായേലിന് നേർക്കുള്ള ആക്രമണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെ ഇസ്രായേൽ കവചിത വാഹനങ്ങൾ ലബനാൻ അതിർത്തിയിലേക്ക് കടന്നു. ലബനാനിൽ നിന്ന് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ ആരോപിച്ചു. ഇതിന് തിരിച്ചടിയായി ഷെല്ലാക്രമണം നടത്തിയെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ മന്ത്രിസഭ യുദ്ധത്തിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഗസയെ തകർത്ത് ഇല്ലാതാക്കുമെന്നാണ് ഭീഷണി.

TAGS :

Next Story