ബലി പെരുന്നാൾ ദിനത്തിലും ഗസ്സയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ; സ്ത്രീകളും കുട്ടികളുമുൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു
പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ച ഇസ്രായേൽ, വ്യാപക ആക്രമണങ്ങൾ തുടരുന്നു

തെൽ അവിവ്: ബലിപെരുന്നാൾ ദിനത്തിലും ഗസ്സയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു. ഹമാസ് ചെറുത്തുനിൽപ്പിൽ 5 സൈനികർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന അറിയിച്ചു.
പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ച ഇസ്രായേൽ, വ്യാപക ആക്രമണങ്ങൾ തുടരുന്നു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ബലിപെരുന്നാൾ ദിനത്തിൽ 42 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. മൂന്ന് മാസത്തിലേറെയായി തുടരുന്ന ഉപരോധം മൂലം പട്ടിണിയിലായ മനുഷ്യർക്ക് ഒരു നേരത്തെ ആഹാരം പോലും കൈമാറാനും ഇസ്രായേൽ വിസമ്മതിക്കുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബദൽ ഭക്ഷ്യവിതരണ സംവിധാനം ഉണ്ടാകില്ലെന്നാണ് ഇസ്രായേൽ അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഭക്ഷണത്തിന് വരിനിന്നവർക്കു നേരെ നടന്ന വെടിവെപ്പ് സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ സമൂഹം ഉടനടി എന്തെങ്കിലും ചെയ്തേ തീരൂവെന്ന് യുനിസെഫ് അഭ്യർഥിച്ചു.
പട്ടിണി ആയുധമാക്കി മാറ്റുന്നത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ഗസ്സയുടെ കണ്ണീരൊപ്പാൻ അസാധാരണ നടപടികൾ ആവശ്യമാണെന്നും ഫ്രാൻസും കാനഡയും വ്യക്തമാക്കി. അതിനിടെ, ഇരുപത് മാസം പിന്നിടുന്ന വേളയിലും ഗസ്സയിൽ ഹമാസിന്‍റെ പ്രതിരോധവീര്യം അത്ഭുതകരമാണെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖാൻ യൂനുസിൽ ഇന്നലെ നാല് സൈനികരും ജബാലിയയിൽ ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ടിടങ്ങളിലുമായി 17 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം നീണ്ടുനിൽക്കുമെന്നും പരമാവധി അതിന്‍റെ സമയം കുറച്ചു കൊണ്ടു വരാനാണ് തങ്ങളുടെ നീക്കമെന്നും ഇസ്രായേൽ സൈനിക മേധാവി പ്രതികരിച്ചു. ഗസ്സയിൽ ഐസിസ് അനുകൂല ക്രിമിനൽ സംഘങ്ങൾക്ക് ഇസ്രായേൽ പണവും ആയുധങ്ങളും നൽകുന്നതായ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.
Adjust Story Font
16

