ഗസ്സയിൽ ലക്ഷ്യംനേടും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു; കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങള്‍ മരണഭീതിയില്‍
ഗസ്സ യുദ്ധവിരാമം വൈകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങൾ മരണഭീതിയിൽ. ഗസ്സയിലുടനീളം നിരന്തര വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ 57പേരാണ് കൊല്ലപ്പെട്ടത്. അൽ സവൈദയിൽ ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടും ആക്രമണം ശക്തമാണ്.
ലോക രാജ്യങ്ങളുടെ എതിർപ്പ് തള്ളി ഗസ്സയിൽ ലക്ഷ്യംനേടും വരെ യുദ്ധം തുടരമെന്ന് ഇസ്രായേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഗസ്സ യുദ്ധവിരാമം വൈകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്‍റെ ഭാഗമാക്കുന്നത് അനുവദിക്കില്ലെന്നും ട്രംപ് അറിയിച്ചു.നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ ചർച്ച നടക്കാനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, ആയുധം അടിയറവെക്കണമെന്ന ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ ആഹ്വാനം തള്ളുന്നതായി ഹമാസ് അറിയിച്ചു. പോരാട്ടം എന്നത് ഫലസ്തീൻ ജനതയുടെ ദേശീയവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനതയടെ സ്വയംനിർണായവകാശത്തെ ഹനിക്കുന്നതാണ് മഹ്മൂദ് അബ്ബാസന്‍റെ നിലപടെന്നും ഹമാസ് കുറ്റപ്പെടുത്തി.
അതേസമയം, ഫലസ്തീൻ അതോറിറ്റിക്ക് 90 മില്യൻഡോളറിന്‍റെ പ്രത്യേക ഫണ്ട് അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.യെമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ഈലാത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയെന്നോണം തലസ്ഥാന നഗരിയായ സൻആയിൽ ഇസ്രായേൽ ബോംബിട്ട് 8പേരെ കൊലപ്പെടുത്തി. ആക്രമണത്തിൽ 142പേർക്ക് പരിക്കുണ്ട്.ഗസ്സക്ക് പിന്തുണയുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ്ഫ്ലോട്ടിലയുടെ സുരക്ഷക്കായി കപ്പലുകൾ അയക്കാൻ സ്പെയിനും ഇറ്റലിയും തീരുമാനിച്ചു.
Adjust Story Font
16

