രണ്ടു വർഷത്തിനിടെ ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 70,100 ഫലസ്തീനികളെ; പരിക്കേറ്റത് ഒന്നേമുക്കാൽ ലക്ഷത്തിലധികം പേർക്ക്
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇപ്പോഴും നിരവധി മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്

ഗസ്സ സിറ്റി:രണ്ടു വർഷത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയ ഫലസ്തീനികളുടെ എണ്ണം എഴുപതിനായിരം കടന്നു. 2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 70,100 ആയി. ഇവരിൽ നല്ലൊരു പങ്ക് സ്ത്രീകളും കുട്ടികളുമാണ്. ഗസ്സ ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 1,70,900 പേർക്കാണ് രണ്ടു വർഷത്തിലേറെ നീണ്ട ആക്രമണങ്ങളിൽ പരിക്കേറ്റത്.
ഒക്ടോബർ പത്തിന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 360ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇപ്പോഴും നിരവധി മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്. കിഴക്കൻ ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ ഇന്നലെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. റഫയിൽ യെല്ലോ ലൈൻ മറികടന്ന് സൈന്യത്തിന് ഭീഷണി ഉയർത്തിയ മൂന്നുപേരെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇസ്രായേൽ വ്യോമാക്രമണവും നടത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അതിക്രമങ്ങൾക്ക് ഒരു മാറ്റവുമില്ല. വെസ്റ്റ് ബാങ്കിലെ ഗവർണറേറ്റായ തുബാസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഇതിനകം 200 ലധികം ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ തുബയിൽ നിന്ന് മാത്രം സൈന്യം 200 ഫലസ്തീനികളെയെങ്കിലും കസ്റ്റഡിയിലെടുത്തു.
ഖൽഖില്യ, ജെനിൻ, നബുലസ് എന്നിവിടങ്ങളിലും ഇസ്രായേൽ റെയ്ഡ് നടത്തി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഗസ്സക്കും വെസ്റ്റ് ബാങ്കിനും പിന്നാലെ ലബനാൻ, സിറിയ രാജ്യങ്ങൾക്ക് നേരെയും ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റം ഗുരുതര സാഹചര്യം രൂപപ്പെടുത്തിയതായി സൗദി അറേബ്യ ഉൾപ്പെടെ അറബ് ലീഗ് കുറ്റപ്പെടുത്തി.
Adjust Story Font
16

