ഗസ്സയിൽ പട്ടിണിക്കൊല തുടരുന്നു; 24 മണിക്കൂറിനിടെ വിശന്നുമരിച്ചത് കുഞ്ഞുങ്ങൾ ഉൾപ്പെടെ 14 പേർ
ഗസ്സയുടെ പല ഭാഗങ്ങളിലും ഭക്ഷ്യസഹായം ഇനിയും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല

ഗസ്സസിറ്റി: മാനുഷിക സഹായത്തിനായി ഗസ്സയിലെ മൂന്നിടങ്ങളിൽ 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടയിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 88 പേർ.
ഇതിൽ 40 പേർ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്നവരാണ്. ഗസ്സ സിറ്റി, ദൈർ അൽബലഹ്, മുവാസി എന്നിവിടങ്ങളിലാണ് രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. സഹായ സാധനങ്ങൾ എത്തിക്കുന്നതിനായി റഫ അതിർത്തി തുറന്നെങ്കിലും വളരെ കുറഞ്ഞ ട്രക്കുകൾക്ക് മാത്രമാണ് അനുമതി. ഇന്നലെ മാത്രം ഗസ്സയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേര്‍ മരിച്ചു.
ഗസ്സയുടെ പല ഭാഗങ്ങളിലും ഭക്ഷ്യസഹായം ഇനിയും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ അതിർത്തികളും തുറന്ന് പരമാവധി സഹായം ഉറപ്പാക്കാനും വിതരണം ചെയ്യാനും അടിയന്തര നടപടി വേണമെന്ന് 'യുനർവ' ഉൾപ്പെടെ വിവിധ യുഎൻ ഏജൻസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ഇസ്രായേൽ പ്രഖ്യാപിച്ച ഇളവുകൾ ഒട്ടും ഫലപ്രദമല്ലെന്ന് ഫ്രാൻസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ കുറ്റപ്പെടുത്തി.
ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് സമ്മതിച്ച യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഭക്ഷ്യവിതരണത്തിന് അമേരിക്ക കൂടുതൽ സംവിധാനം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്യുന്ന ദ്വിദിന പ്രത്യേക യുഎൻ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കമായി.
ഫ്രാൻസ്, സൗദി അറേബ്യ വിദേശകാര്യ മന്ത്രിമാരുടെ അധ്യക്ഷതയിലാണ് സമ്മേളനം. 1967ലെ അതിർത്തി മുൻനിർത്തി കിഴക്കൻ ജറൂസലം കേന്ദ്രമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വൈകുന്നത് പശ്ചിമേഷ്യൻ സംഘർഷം സങ്കീർണമാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ പദ്ധതികളെ രൂക്ഷമായി വിമർശിച്ച് ഡെൻമാർക്കും നെതർലാന്‍റും രംഗത്തുവന്നു.
Adjust Story Font
16

