വെടിനിർത്തൽ ലംഘിച്ച് ലെബനാനിൽ ഇസ്രായേൽ ആക്രമണം; 47 പേർ കൊല്ലപ്പെട്ടു, പിന്തിരിപ്പിക്കാൻ ട്രംപിന്റെ ഇടപെടൽ
ലെബനാനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാർ തകരുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി

ബെയ്‌റൂത്ത്: 47 പേർ കൊല്ലപ്പെടുന്നതിനിടയാക്കിയ ദക്ഷിണ ലെബനാൻ ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങൾ. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ പുതുക്കാൻ ഇരു വിഭാഗവും സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. എന്നാൽ, ലെബനാനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാർ തകരുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്ക-ഇറാൻ സമാധാന കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ദക്ഷിണ ലെബനാനിലെ നബാത്തിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണ പരമ്പരകൾ അഴിച്ചുവിട്ടത്. ഇന്നലെ മാത്രം 47ലധികം പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങൾ സമാധാന കരാറിനെ അട്ടിമറിക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ലെബനാനെ ചുട്ടെരിക്കണമെന്നാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗ്വിറും സ്മോട്രിച്ചും ആവശ്യപ്പെടുന്നത്. എന്നാൽ, കരാറിനെതിരായ വിമർശനങ്ങളെ തള്ളിയ യുഎസ് പ്രസിഡന്റ് ട്രംപ്, ഇറാന്റെ നിരുപാധിക കീഴടങ്ങലാണ് നടന്നതെന്ന് അവകാശപ്പെട്ടു.
മേഖലയിൽ ഉടനീളം വെടിനിർത്തൽ നടപ്പിലാക്കുക എന്നത് ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥയാണ്. ഇത് ലംഘിച്ച് ലെബനാനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഇന്നലെ സ്വിറ്റ്സർലാൻഡിൽ നടക്കാനിരുന്ന അമേരിക്ക-ഇറാൻ സാങ്കേതിക ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിന്നു. മധ്യസ്ഥ രാജ്യമായ പാകിസ്താനെ ഇറാൻ ഈ വിവരം ഔദ്യോഗികമായി അറിയിച്ചു. അന്തിമ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ധാരണാപത്രത്തിലെ ഇത്തരം വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ട്രംപും അമേരിക്കൻ നേതൃത്വവും ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അടിയന്തരമായി ഇടപെട്ടത്.
യോഗം മാറ്റിവെച്ചെങ്കിലും ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഇതിനായി സ്വിറ്റ്സർലാൻഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇറാൻ സംഘത്തെ കൂടി എത്തിച്ച് ഉടൻ തന്നെ ചർച്ചകൾ തുടങ്ങാനാണ് അമേരിക്കയുടെ ശ്രമം. വെറും രണ്ട് മാസത്തെ സമയപരിധിയാണ് ഈ സമാധാന കരാറിനുള്ളത്. അതിനുള്ളിൽ ആണവ വിഷയം ഉൾപ്പെടെയുള്ള സങ്കീർണമായ വിഷയങ്ങളിൽ തീർപ്പുണ്ടായില്ലെങ്കിൽ ഈ വെടിനിർത്തൽ കരാർ അപ്രസക്തമാകും. അതിനിടെ, ഹോർമുസ് കടലിടുക്ക് കടന്ന് കൂടുതൽ കപ്പലുകൾ സഞ്ചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

