ഗസ്സയിലെ ജനങ്ങളെ സോമാലിലാൻഡിലേക്ക് മാറ്റാൻ ഇസ്രായേൽ നീക്കം തുടങ്ങിയതായി സോമാലിയ മന്ത്രി
കഴിഞ്ഞ ഡിസംബറിൽ സോമാലിലാൻഡിനെ ഇസ്രായേൽ സ്വതന്ത്ര സ്റ്റേറ്റായി അംഗീകരിച്ചിരുന്നു

- Published:
11 Jan 2026 4:29 PM IST

മൊഗാദിഷു: ഗസ്സയിലെ ഫലസ്തീനികളെ സോമാലിലാൻഡിലേക്ക് ബലം പ്രയോഗിച്ച് മാറ്റിപ്പാർപ്പിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നുവെന്ന് സൊമാലിയ പ്രതിരോധ മന്ത്രി അഹമ്മദ് മുഅല്ലിം ഫിഖി. ഇത് സംബന്ധിച്ച് തങ്ങൾക്ക് വിശ്വസനീയമായ കേന്ദ്രങ്ങളിൽ വിവരം ലഭിച്ചിട്ടുണ്ടെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഫിഖി വ്യക്തമാക്കി.
സോമാലിലാൻഡ് സൊമാലിയയിൽ നിന്ന് 1991ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. 2025 ഡിസംബറിൽ ഇസ്രായേൽ ആണ് ആദ്യമായി സൊമാലിലാൻഡിനെ സ്വതന്ത്ര സ്റ്റേറ്റായി അംഗീകരിച്ചത്. ഇതിന് പിന്നിൽ ഇസ്രായേലിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗസ്സയിലെ ജനങ്ങളെ സോമാലിലാൻഡിലേക്ക് മാറ്റാനാണ് ഇസ്രായേൽ നീക്കമെന്ന ആരോപണവുമായി സൊമാലിയ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ആരോപണം ഇസ്രായേൽ നേരത്തെ നിഷേധിച്ചിരുന്നു. ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നത് തങ്ങളുടെ കരാറിന്റെ ഭാഗമല്ലെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ കഴിഞ്ഞ ആഴ്ച ഇസ്രായേലിന്റെ ചാനൽ 14ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാഷ്ട്രീയം, സുരക്ഷ, വികസനം തുടങ്ങിയ നിരവധി കാര്യങ്ങൾ സോമാലിലാൻഡുമായി ബന്ധപ്പെട്ട് ചെയ്യാനുണ്ട്. ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കൽ ഇതിന്റെ ഭാഗമല്ലെന്നും ഗിഡിയോൺ സാർ പറഞ്ഞിരുന്നു. എന്നാൽ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ഫലസ്തീനികളെ പുനരധിവസിപ്പിക്കുക, ഏദൻ ഉൾക്കടലിന്റെ തീരത്ത് ഒരു സൈനികത്താവളം സ്ഥാപിക്കുക, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ അബ്രഹാം അക്കോഡിൽ ചേരുക എന്നീ ഇസ്രായേലിന്റെ മൂന്ന് വ്യവസ്ഥകൾ സോമാലിലാൻഡ് അംഗീകരിച്ചതായി സൊമാലിയ പ്രസിഡന്റ് ഹസൻ ശൈഖ് മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.
Adjust Story Font
16
