Quantcast

മർവാൻ ബർഗൂതിയടക്കമുള്ള ഫലസ്തീന്‍ നേതാക്കളെ വിട്ടയക്കില്ലെന്ന് ഇസ്രായേല്‍

ബര്‍ഗൂതിക്ക് പുറമെ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകളുടെ ചില മുതിർന്ന കമാൻഡർമാരെയും വിട്ടയക്കില്ലെന്നും ഇസ്രായേല്‍

MediaOne Logo

Web Desk

  • Published:

    11 Oct 2025 10:56 AM IST

മർവാൻ ബർഗൂതിയടക്കമുള്ള ഫലസ്തീന്‍ നേതാക്കളെ വിട്ടയക്കില്ലെന്ന് ഇസ്രായേല്‍
X

photo|  AFP

തെല്‍ അവിവ്: ബന്ദിമോചന കരാറിന്‍റെ ഭാഗമായി ഹമാസ് ആവശ്യപ്പെട്ട ഫതഹ് നേതാവ് മർവാൻ ബർഗൂതിയടക്കമുള്ളവരെ വിട്ടയക്കണമെന്ന ആവശ്യം ഇസ്രായേല്‍ നിരസിച്ചെന്നാണ് റിപ്പോര്‍ട്ട്. ബര്‍ഗൂതിക്ക് പുറമെ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകളുടെ ചില മുതിർന്ന കമാൻഡർമാരെയും വിട്ടയക്കില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവപര്യന്തം തടവ് അനുഭവിക്കുന്ന പത്ത് ഫലസ്തീൻ തടവുകാരുടെ പേരുകൾ ചേർക്കാൻ ഇസ്രായേൽ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസ്സയിൽ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ വിട്ടയക്കുന്നതനു പകരമായി ഇസ്രായേൽ നീതിന്യായ മന്ത്രാലയം 250 ഫലസ്തീൻ തടവുകാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലും മർവാൻ ബർഗൂതിയുടെ പേര് ഇല്ലായിരുന്നു.ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിന്തുടർച്ചക്കാരനാകാൻ സാധ്യതയുള്ള നേതാവാണ് ഫതഹ് നേതാവ് മർവാൻ ബർഗൂതി.

ബർഗൂതി ദീർഘകാലമായി ഇസ്രായേലിൽ തടവിൽ കഴിയുകയും ജീവപര്യന്തം തടവ് അനുഭവിക്കുകയും ചെയ്യുകയാണ്.ഫലസ്തീൻ സംഘടനകൾ അദ്ദേഹത്തിന്റെ മോചനത്തിനായി നിരവധി തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു സാഹചര്യത്തിലും അദ്ദേഹത്തെ മോചിപ്പിക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല.

പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ നേതാവ് അഹ്മദ് സആദത്ത്, ഹമാസ് നേതാക്കളായ ഇബ്രാഹിം ഹാമിദ്, ഹസൻ സലാമ എന്നിവരെയടക്കം മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 250 പലസ്തീൻ തടവുകാരിൽ 100 ​​പേർക്ക് അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും അഞ്ച് പേർക്ക് ജറുസലേമിലേക്കും പോകാൻ അനുവാദമുണ്ടെന്ന് ഇസ്രായേലി ആർമി റേഡിയോയെ ഉദ്ധരിച്ച് അല്‍ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയിൽ 48 ഇസ്രായേലി തടവുകാരുണ്ടെന്നും അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. അതേസമയം,11,100ലധികം ഫലസ്തീനികൾ ഇസ്രായേലി ജയിലുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. പീഡനവും പട്ടിണിയും മതിയായ ചികിത്സയും ലഭിക്കാതെ തടവുകാര്‍ കഷ്ടപ്പെടുകയാണ്. പലരും ഇസ്രായേല്‍ ജയിലുകളില്‍ കൊല്ലപ്പെട്ടന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഗസ്സയില്‍ ഇസ്രായേൽ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചത്.ഗസ്സയില്‍ വെടിനിർത്തൽ നടപ്പാക്കുക, ഏകദേശം 2,000 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുക, ഗസ്സ മുനമ്പിൽ നിന്നും ഇസ്രായേൽ സൈന്യത്തെ ക്രമേണ പിൻവലിക്കുക തുടങ്ങി കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ട്രംപാണ് പ്രഖ്യാപിച്ചത്.

കരാർ പ്രകാരം, 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ നിന്ന് അറസ്റ്റിലായ 1,700 തടവുകാരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കുമെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുന്ന മുറയ്ക്ക് വിട്ടുനൽകുമെന്നും ഫലസ്തീൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ.

TAGS :

Next Story