Quantcast

ഹമാസ്​ നേതാവിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്

വംശഹത്യയിൽ മൈക്രോസോഫ്​റ്റിന് പങ്കെന്ന് മനുഷ്യാവകാശ സംഘടനകൾ

MediaOne Logo

Web Desk

  • Published:

    14 Dec 2025 8:43 AM IST

ഹമാസ്​ നേതാവിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്
X

തെല്‍അവിവ്: ഗസ്സ സിറ്റിയിൽ ആക്രമണം നടത്തി ഹമാസ്​ നേതാവ്​ റഅദ്​ സഅദിനെ കൊലപ്പെടുത്തിയതായയി ഇസ്രായേൽ. ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ കമാണ്ടർ റഅദ്​ സഅദിനെ ഗസ്സ സിറ്റിയിൽ നടന്ന ആക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഗസ്സ സിറ്റിയിൽ കാറിനു നേരെ നടന്ന ആക്രമണത്തിൽ മറ്റ്​ നാലുപേർ കൂടി കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സ്​ എന്നിവരാണ്​ ആക്രമണത്തിന്​ ഉത്തരവിട്ടത്​. എന്നാൽ റഅദ്​ സഅദ്​ കൊല്ലപ്പെട്ടതായ ഇസ്രായേൽ പ്രഖ്യാപനം ഹമാസ്​ സ്ഥിരീകരിച്ചിട്ടില്ല.

അ​തേസമയം, ഇത്തരം ആക്രമണങ്ങൾ ഗസ്സ വെടിനിർത്തൽ കരാർ തകർക്കാനുള്ള ഇസ്രായേലിന്‍റെ ആസൂത്രിത നീക്കമാണെന്ന്​ ഹമാസ്​ പ്രതികരിച്ചു. ഒക്​ടോബർ പത്തിന്​പ്രാബല്യത്തിൽ വന്ന കരാർ ഇതിനകം 700ലധികം തവണയാണ്​ ഇസ്രായേൽ ലംഘിച്ചത്​. ഈ മാസം 29ന്​ വൈറ്റ്​ ഹൗസിൽ രണ്ടാം ഘട്ടവെടിനിർത്തൽ സംബന്ധിച്ച്​ യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപുമായി ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു നിർണായക ചർച്ച നടത്താനിരിക്കെയാണ്​ ആക്രമണം.

അതിനിടെ, ബൈറോൺ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരി നാശം വിതച്ച ഗസ്സയിലേക്ക്​ അടിയന്തര സഹായം എത്തിക്കണമെന്ന യുഎന്നിന്‍റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന ഫലം കണ്ടില്ല. താൽക്കാലിക ടെന്‍റുകൾ, ഭക്ഷണം,വെള്ളം, ഇന്ധനം, മറ്റ്​ ഉപകരണങ്ങൾ എന്നിവ ഉടൻ ലഭ്യമാക്കണമെന്ന്​ യുഎൻ പൊതുസഭ കഴിഞ്ഞ ദിവസം പ്രമേയത്തിലൂടെയും ആവശ്യപ്പെട്ടിരുന്നു. ​

ദുരിതത്തിലായ ലക്ഷങ്ങളാണ്​ ഗസ്സയിൽ സഹായം കാത്തുകഴിയുന്നത്​. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി നിയമനടപടിക്കൊരുങ്ങുകയാണ്​ മനുഷ്യാവകാശസംഘടനകൾ. ഇസ്രായേൽ സൈന്യത്തിന് സാങ്കേതികവിദ്യയും സേവനങ്ങളും നൽകുന്നതിലൂടെ,വംശഹത്യയിൽ മൈക്രോസോഫ്റ്റ് നേരിട്ട് പങ്കുവഹിച്ചതായി ആഗോള പൗരാവകാശ കൂട്ടായ്മകൾ കുറ്റപ്പെടുത്തി.

TAGS :

Next Story