Quantcast

ഗസ്സ വംശഹത്യയെ എതിർത്ത് ഇസ്രായേലി സൈനികർ; അറസ്റ്റും പിരിച്ചുവിടലുമായി

ഇസ്രായേലി ഭരണകൂടം നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ഇസ്രായേലി സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ എതിർപ്പാണ്. ഒന്നരവർഷത്തോളമായി തുടരുന്ന ഗസ്സൻ വംശഹത്യയിൽ പങ്കാളിയാകാൻ വയ്യെന്നാണ് അവർ പറയുന്നത്

MediaOne Logo

Web Desk

  • Published:

    30 July 2025 10:44 AM IST

ഗസ്സ വംശഹത്യയെ എതിർത്ത് ഇസ്രായേലി സൈനികർ; അറസ്റ്റും പിരിച്ചുവിടലുമായി
X

ഗസ്സയിലേക്ക് കൂടുതൽ സഹായവിതരണം എത്തിക്കാൻ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് സമാന്തരമായി ഇസ്രായേലി മാധ്യമങ്ങളിൽ അത്ര ചർച്ച ചെയ്യപ്പെടാത്ത മറ്റൊരു വാർത്തയുണ്ടായിരുന്നു. ഇസ്രായേലി സൈന്യത്തിനകത്തെ പൊട്ടിത്തെറികളെയും വിയോജിപ്പുകളെയും കുറിച്ചായിരുന്നു അത്. പല ഇസ്രായേലി സൈനികരും ഗസ്സയിലേക്ക് പോകാൻ താത്പര്യപ്പെടുന്നില്ലെന്ന് അറിയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് ഇസ്രായേലി സൈന്യത്തിനിടയിൽ വലിയ ആശങ്കകൾക്ക് കാരണമാകുന്നുവെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ വിശദാംശങ്ങളാണ് ഇന്ന് ഇൻഡെപ്ത് പരിശോധിക്കുന്നത്... സ്വാഗതം.

ഇസ്രായേലി ഭരണകൂടം നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ഇസ്രായേലി സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ എതിർപ്പാണ്. ഒന്നരവർഷത്തോളമായി തുടരുന്ന ഗസ്സൻ വംശഹത്യയിൽ പങ്കാളിയാകാൻ വയ്യെന്നാണ് അവർ പറയുന്നത്. ഐ ഡി എഫിന്റെ റിസർവ് സൈനികരിൽ നിരവധിപേർ ഡ്യൂട്ടിക്ക് എത്താത്ത സംഭവങ്ങൾ അനവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ മൂന്ന് സൈനികരെ പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ് ഇസ്രായേലി സൈന്യം. ഇനിയും ഗസ്സയിലേക്ക് പോകാൻ സാധിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് എന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്.

ഗസ്സയിൽ ഇസ്രായേലി സൈന്യത്തിന്റെ ഭാഗമായിരുന്ന ഇവർക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. നിർബന്ധിത സൈനിക സേവനം ചെയ്യുന്നവരാണ് മൂവരും. സഹപ്രവർത്തകരിൽ പലരുടെയും മരണം, ദുഷ്‌കരമായ കാഴ്ചകൾ, ദാരുണമായ അനുഭവങ്ങൾ എന്നിവ മൂവരെയും ബാധിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ അവർക്ക് യാതൊരു കുഴപ്പവുമില്ല എന്നാണ് ഐഡിഎഫ് വാദിക്കുന്നത്.

ഐ ഡി എഫിന്റെ റിസർവ് സൈനികരിൽ പലരും വിട്ടുനിൽക്കാറുണ്ടെങ്കിലും നിർബന്ധിത സൈനികസേവനം ചെയ്യുന്നവർ ഇങ്ങനെ വിസമ്മതം രേഖപ്പെടുത്തുന്നത് ആദ്യമായിട്ടാണെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ പറയുന്നത്. മിക്ക സൈനികരും സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചുകഴിഞ്ഞു എന്നാണ് സൈനികരുടെ അമ്മമാരുടെ സംഘടന അഭിപ്രായപ്പെടുന്നത്.

ഏകദേശം 18500 ഇസ്രായേലി സൈനികർക്കു പരുക്കേറ്റിട്ടുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ കണക്ക്. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം ഇത് 6145 ആണ്. ഒപ്പം ഗസ്സയിൽ 895 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പറയുന്നു. യെതിയോത് അഹ്രാനൊത്ത് എന്ന ഇസ്രായേലി മാധ്യമത്തിന്റെ കണക്കുപ്രകാരം, പതിനായിരത്തിലധികം സൈനികരാണ് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. 3,679 പേർക്ക് പോസ്റ്റ് ട്രോമാറ്റിക്‌ സ്ട്രെസ് ഡിസോർഡർ ഉള്ളതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏതാനം ആഴ്ചകൾക്കിടെ മാത്രം നാല് സൈനികരാണ്, ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏഴുമാസത്തിനിടെ 19 പേർ ഇത്തരത്തിൽ ആത്മഹുതി നടത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

ഇതിനെല്ലാം പുറമെയാണ്, ഗസ്സയിലെ അധിനിവേശം നീട്ടികൊണ്ടുപോകുന്നതിൽ സൈന്യത്തിന് ഇടയിൽ തന്നെയുള്ള വിയോജിപ്പ്. അങ്ങനെ പലതരത്തിലും സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉള്ളിൽത്തന്നെ പൊട്ടിത്തെറികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിദഗ്ദർ നൽകുന്ന സൂചന.

കഴിഞ്ഞദിവസമാണ് ഇസ്രായേലി ഭരണകൂടം ഗസ്സയിലേക്ക് കൂടുതൽ സഹായവിതരണങ്ങൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അതിനായി ദിവസേന 10 മണിക്കൂർ നേരം ആക്രമണം നിർത്തിവയ്ക്കുമെന്നും ഇസ്രായേൽ അറിയിച്ചിരുന്നു. പട്ടിണി ആയുധമാക്കി ഗസ്സയിൽ സയണിസ്റ്റുകൾ നടത്തുന്ന വംശഹത്യയ്ക്കെതിരെ കടുത്ത സമ്മർദ്ദം ഉയർന്നതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിങ്ങനെ ഗസ്സയിലെ മൂന്നു കേന്ദ്രങ്ങളിലാണ് ദിനേന ആക്രമണം നിർത്തിവയ്ക്കുക.

സൈനികർക്കിടയിൽ ഉയർന്നുവരുന്ന എതിർപ്പുകളും, വർധിച്ചുവരുന്ന മരണസംഖ്യയുമെല്ലാം ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട് എന്നും വിലയിരുത്തലുകളുണ്ട്.

TAGS :

Next Story