Quantcast

സ്കൂളിലെ ആദ്യ ദിനം തന്നെ അന്ത്യയാത്രയായി; ഗസ്സയിൽ എട്ട് വയസുകാരിയെയും പിതാവിനെയും വധിച്ച് ഇസ്രയേൽ

വഫാ യൂസഫ് നബീൽ അഖില എന്ന പെൺകുട്ടിയും പിതാവ് യൂസഫ് നബീൽ റബാഹ് അഖിലയുമാണ് പടിഞ്ഞാറൻ ഗസ്സയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    8 Sept 2026 8:47 AM IST

സ്കൂളിലെ ആദ്യ ദിനം തന്നെ അന്ത്യയാത്രയായി; ഗസ്സയിൽ എട്ട് വയസുകാരിയെയും പിതാവിനെയും വധിച്ച് ഇസ്രയേൽ
X

ഗസ്സ സിറ്റി: പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം സ്കൂളിൽ പോയി മടങ്ങുകയായിരുന്ന എട്ട് വയസുകാരിയായ ഫലസ്തീൻ ബാലിക ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വഫാ യൂസഫ് നബീൽ അഖില എന്ന പെൺകുട്ടിയും പിതാവ് യൂസഫ് നബീൽ റബാഹ് അഖിലയുമാണ് പടിഞ്ഞാറൻ ഗസ്സയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് ഫലസ്തീനികൾക്ക് കൂടി ഹമീദ് കവലയ്ക്ക് സമീപമുണ്ടായ ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അൽ-ഷിഫ ആശുപത്രിയിലെ മെഡിക്കൽ അധികൃതരാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.

സ്കൂൾ വിട്ടതിന് ശേഷം പഠനസാമഗ്രികൾ വാങ്ങാൻ പിതാവിനൊപ്പം കാറിൽ പോകുമ്പോഴാണ് ഇസ്രായേൽ ഇവരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. കത്തിക്കരിഞ്ഞ വാഹനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുട്ടിയുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗസ്സയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമണങ്ങളിൽ തകർക്കപ്പെട്ടതിനാൽ ടെന്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് കുട്ടികൾ ഇപ്പോൾ പഠിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെയാണ് ഗസ്സയിൽ ഔദ്യോഗികമായി സ്കൂളുകൾ തുറക്കുന്നതെങ്കിലും ചില ബദൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഒരു ഹമാസ് സായുധ പ്രവർത്തകനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രാഥമിക വിശദീകരണം. കൊല്ലപ്പെട്ട വഫായുടെ പിതാവ് യൂസഫ് അഖില, ഹമാസിന്റെ എലൈറ്റ് നുഖ്ബ ഫോഴ്സിലെ ഒരു കമാൻഡറാണെന്നും, ഇസ്രയേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും സൈന്യം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തെളിവുകളൊന്നും സൈന്യം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

വഫായ്ക്ക് പുറമെ ഗസ്സയിലുണ്ടായ മറ്റ് ആക്രമണങ്ങളിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മധ്യ ഗസ്സയിലെ ദീർ അൽ-ബലാഹിന് കിഴക്ക്, അഭയാർത്ഥികൾ തമ്പടിച്ചിരുന്ന സക്കീന സ്കൂളിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് വയസുകാരനായ സാദി ഗാലിയ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ റിമാൽ ഏരിയയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 28കാരനായ മുഹമ്മദ് ആത്തിഫ് അറാഫത്ത് സുക്കറും, ഫലസ്തീൻ സ്റ്റേഡിയത്തിന് സമീപം വെടിയേറ്റ 19കാരനായ ഹസൻ അലി സഖല്ലയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

TAGS :

Next Story