'മോചനം ആഘോഷിക്കരുത്'; ഫലസ്തീൻ തടവുകാരുടെ ബന്ധുക്കൾക്ക് ഇസ്രായേൽ ഭീഷണി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ ഇസ്രായേൽ സന്ദർശിക്കും

ഗസ്സ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരുടെ കുടുംബങ്ങൾക്ക് ഇസ്രായേലിന്റെ ഭീഷണി. മോചനം ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ അധികൃതരുടെ ഫോൺ സന്ദേശം ലഭിച്ചുവെന്ന് ഇവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിൽ തടവുകാരെ മോചിപ്പിച്ചപ്പോഴും ഇസ്രായേൽ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്ന് ഇത് ലംഘിച്ചവർക്കെതിരെ ഇസ്രായേൽ പ്രതികാര നടപടി സ്വീകരിച്ചിരുന്നു. ആറ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇസ്രായേൽ ജയിലിൽ കഴിഞ്ഞിരുന്ന അഷ്‌റഫ് സഹീറിനെ ജനുവരി 25നായിരുന്നു വിട്ടയച്ചത്. 23-ാം വയസ്സിൽ ജയിലിൽ പോയ സഹീർ 46-ാം വയസ്സിലാണ് മോചിതനായത്. അയൽവാസികളും കുടുംബാംഗങ്ങളും അന്ന് സഹീറിന്റെ മോചനം ആഘോഷിച്ചു. ഇതിന്റെ പ്രതികാരമായി അദ്ദേഹത്തിന്റെ സഹോദരൻ ആമിറിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇസ്രായേൽ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ ഇസ്രായേലിൽ എത്തും. നാല് മണിക്കൂർ ഇസ്രായേലിൽ ചെലവഴിക്കുന്ന അദ്ദേഹം പാർലമെന്റിനെ അഭിസംബോധന ചെയ്യും. ഉച്ച് ഒരുമണിയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് പോകും. രണ്ടാംതവണ യുഎസ് പ്രസിഡന്റായ ശേഷം ട്രംപിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്. ഫ്രാൻസ്, ഇറ്റലി പ്രസിഡന്റുമാരും യുഎൻ സെക്രട്ടറി ജനറലും ഉൾപ്പെടെ നിരവധി രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
തടവുകാരെ തിരികെയെത്തിച്ച ശേഷം ഗസ്സയിലെ ഹമാസ് ടണലുകൾ തകർക്കുന്നതിനാണ് ആദ്യ നീക്കമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. സൈന്യത്തെ ഉപയോഗിച്ചും യുഎസിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സംവിധാനം വഴിയും ഗസ്സയിലെ ഹമാസിന്റെ എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
Adjust Story Font
16

